കേരളത്തിന്റെ വീര വിപ്ലവ നായികയും സംസ്ഥാനത്ത് ഭൂപരിഷ്കരണത്തിന് വഴിതുറന്ന ആദ്യ കേരള മന്ത്രി സഭയിലെ റവന്യൂ മന്ത്രിയുമായിരുന്ന കെ ആർ ഗൗരിയമ്മ അന്തരിച്ചു. നൂറ്റി രണ്ടു വയസ്സായിരുന്നു. പതിറ്റാണ്ടുകൾ തന്റെ കർമ്മകാണ്ഡം തീർത്ത തിരുവന്തപുരത്ത് രാവിലെ 7 മണിക്ക് ആയിരുന്നു അന്ത്യം.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോൾ കോവിഡ് ബാധിതയല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. പനിയും ശ്വാസ തടസവും കാരണം ഗൗരിയമ്മയെ കഴിഞ്ഞ ആഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആറു പതിറ്റാണ്ടോളമായി ജീവിച്ച ആലപ്പുഴ ചാത്തനാട്ട് വീട്ടില്‍ നിന്ന് ആഴ്ചകള്‍ക്ക് മുന്‍പാണ് 102കാരിയായ കെ.ആര്‍.ഗൗരിയമ്മ, തലസ്ഥാനത്തെ വഴുതക്കാടുള്ള സഹോദരി പുത്രിയുടെ വീട്ടിലേക്ക് താമസം മാറ്റിയത്. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് പോലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന ഗൗരിയമ്മയ്ക്ക് തപാല്‍ വോട്ടിലൂടെ ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്‍പ് വീട്ടില്‍ വീണു പരുക്കേറ്റ ഗൗരിയമ്മ തപാല്‍ വോട്ടിന് അപേക്ഷിച്ചിരുന്നെങ്കിലും ചട്ടമനുസരിച്ച് അപേക്ഷ അംഗീകരിക്കാനാകില്ലെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നു.
1957-ൽ ഐക്യ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം ഇ.എം.എസിൻ്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവാണ് കെ.ആർ.ഗൗരിയമ്മ. 1957, 1960 കേരള നിയമസഭകളിൽ ചേർത്തലയിൽ നിന്നും 1965 മുതൽ 1977 വരെയും 1980 മുതൽ 2006 വരെയും അരൂരിൽ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ചേർത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14-ന് ഗൗരിയമ്മ ജനിച്ചു. തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്നു് എറണാകുളം ലോ കോളേജിൽ നിന്നു് നിയമബിരുദവും കരസ്ഥമാക്കി. കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ ഗൗരിയമ്മയും വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്കു് ഇറങ്ങിത്തിരിച്ചു. വിദ്യാർത്ഥി ആയിരിക്കുമ്പോൾമുതൽ തന്നെ രാഷ്ട്രീയത്തിൽ ഗൗരിയമ്മ സജീവമായിരുന്നു.
1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ ജനനത്തിനുതൊട്ടുശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമകേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി. 1957-ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലും ചേർന്നു.
1960-1984 കാലയളവിൽ കേരള കർഷക സംഘം സംസ്ഥാന പ്രസിഡൻറ്, 1967-1976 കേരള മഹിളാസംഘം പ്രസിഡൻറ്, 1976-1987 കേരള മഹിളാസംഘം സെക്രട്ടറി, 1987-1991 സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്ന നിലകളിൽ പ്രവർത്തിച്ചു. 1994-ൽ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയപ്പോൾ പുതിയ പാർട്ടി ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപീകരിച്ചു. 2019 വരെ ജെ.എസ്.എസ്. ജനറൽ സെക്രട്ടറിയായി തുടർന്നു.
1957-1959 റവന്യൂ, എക്സൈസ്, 1967-1969 റവന്യൂ, എക്സൈസ്, പൊതുവിതരണം, സാമൂഹികക്ഷേമം , 1980-1981 സാമൂഹികക്ഷേമം, കൃഷി, 1987-1991 വ്യവസായം , 2001-2004 കൃഷി, കയർ, 2004-2006 കൃഷി, മൃഗസംരക്ഷണം, കയർ എന്നീ വകുപ്പുകളിൽ മന്തിയായിരുന്നു. കഴിവുറ്റ ഭരണാധികാരിയായി, ഗൗരിയമ്മയെ പലരും കണക്കാക്കുന്നു. കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയാണ്. ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമ എന്നും കരുതുന്നവരുണ്ട്.
1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും തുടർന്നു് കേരളസംസ്ഥാനത്തിന്റെ ആവിർഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ടു്. 1977-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അരൂരിൽ നിന്ന് സി.പി.ഐയിലെ പി.എസ്. ശ്രീനിവാസനോടും 2006-ൽ അരൂരിൽ നിന്ന് സി.പി.എമ്മിലെ എ.എം.ആരിഫിനോടും 2011-ൽ ചേർത്തലയിൽ നിന്ന് സി.പി.ഐയിലെ പി.തിലോത്തമനോടും പരാജയപ്പെട്ടു.
സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണു് കെ.ആർ. ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിൽ പെട്ട കെ.ആർ. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാ ഭരണാധികാരിയായിരുന്നു.
പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോർഡുകൾ ഇവരുടെ പേരിലുണ്ട്. കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥ 2010-ൽ ആത്മകഥ-കെ.ആർ. ഗൗരിയമ്മ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.
കെ.ആർ. ഗൗരിയമ്മ നിയമസഭയിൽ അവതരിപ്പിച്ച് പ്രാബല്യത്തിൽ വരുത്തിയ പ്രധാന നിയമങ്ങൾ
- 1957-ലെ കേരളാ സ്റ്റേറ്റ് ഓഫ് എവിൿഷൻ പ്രൊസീഡിങ്ങ്സ് ആക്റ്റ് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം)
- 1957-ലെ ട്രാവങ്കൂർ കൊച്ചിൻ ലാന്റ് ടാക്സ് (തിരു-കൊച്ചി ഭൂനികുതി നിയമം)
- 1957-ലെ കേരളാ ലാൻഡ് കൺസർവൻസി ആക്റ്റ് (ഭൂസംരക്ഷണനിയമം)
- 1958-ലെ കേരളാ കോമ്പൻസേഷൻ ഫോർ ടെനന്റ്സ് ഇമ്പ്രൂവ്‌മെന്റ് ആക്റ്റ്
- 1958-ലെ കേരളാ ലാന്റ് റിലിംക്വിഷ്‌മെന്റ് ആക്റ്റ് (സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ നിയമം)
- 1958-ലെ കേരള വെയ്റ്റ് & മെഷേർസ് ആക്റ്റ് (അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം)
- 1959-ലെ കേരളാ സ്റ്റാമ്പ് ആക്റ്റ് (മുദ്രാപത്ര നിയമം)
- 1960-ലെ ജന്മിക്കരം പേയ്മെന്റ് (അബോളിഷൻ) ആക്റ്റ് (ജന്മിക്കരം ഒഴിവാക്കൽ നിയമം)
- 1960-ലെ കേരളാ അഗ്രേറിയൻ റിലേഷൻ ആക്റ്റ് (പാട്ടക്കുടിയാൻ നിയമം)
- 1968-ലെ കേരളാ റെവന്യൂ റിക്കവറി ആക്റ്റ് (ജപ്തി നിയമം)
- 1987-ലെ കേരളാ പബ്ലിൿ മെൻസ് കറപ്ഷൻ (ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻക്വയറീസ്) ആക്റ്റ് (അഴിമതി നിരോധനനിയമം)
- 1991-ലെ വനിതാ കമ്മീഷൻ ആക്റ്റ്