36,800 കോടി രൂപ കടമെടുക്കാന്‍ നീക്കം; ബഡ്‌ജറ്റ് നാളെ

കൊവിഡ് പ്രതിരോധ ചെലവുകള്‍ ഉയരുന്നത് വെല്ലുവിളി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് നാളെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. കൊവിഡ് വ്യാപനം മൂലം നികുതി വരുമാനത്തിലുണ്ടായ വലിയ ഇടിവ് മറി ‍കടക്കാന് പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് ധനമന്ത്രിക്ക് മുന്നിലുളളത്.

കടുത്ത പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് പറയുന്ന ധനമന്ത്രിക്ക് മുന്നില്‍ പ്രതിസന്ധികള്‍ മറികടക്കാനുളള വഴികള്‍ കുറവാണ്. ജി എസ് ടി നഷ്‌ടപരിഹാരം വേഗത്തിലാക്കുകയും കേന്ദ്രത്തില്‍ നിന്നും അര്‍ഹമായ വിഹിതം പിടിച്ചുവാങ്ങുകയുമാണ് മുന്നിലുള്ള പ്രധാന പോംവഴി.

ഇക്കാര്യത്തില്‍ വിട്ടു വീഴ്‌ചയില്ലാത്ത നിലപാടിലേക്ക് പോകാനാണ് ധനമന്ത്രിയുടെ നീക്കം. കടമെടുപ്പ് പരിധി ഇനിയും ഉയര്‍ത്തണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 5000 കോടിയാണ് കടമെടുത്തത്. ഈ മാസം ഇതുവരെ രണ്ടായിരം കോടി രൂപ സംസ്ഥാനം കടമെടുത്തിട്ടുണ്ട്.

36,800 കോടി രൂപ ഈ വര്‍ഷം കടമെടുക്കാനാണ് നീക്കം. കൊവിഡ് പ്രതിരോധ ചെലവുകള്‍ കുത്തനെ ഉയരുന്നതാണ് സര്‍ക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. പുതിയ വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നികുതി കൂട്ടുകയാണ് മറ്റൊരു മാര്‍ഗം.

എന്നാല്‍ സാധാരണക്കാരുടെ വരുമാനം പൂര്‍ണമായും ഇല്ലാതാക്കിയ മഹാമാരിക്കിടെ നികുതി കൂട്ടാന്‍ സര്‍ക്കാര തയ്യാറാകണമെന്നില്ല. ആ സാഹചര്യത്തില്‍ അധിക വരുമാനത്തിനായി കേന്ദ്രത്തിനു മുന്നിൽ സമ്മര്‍ദ്ദം ശക്തമാക്കുക മാത്രമാണ് ധനമന്ത്രിക്ക് മുന്നിലുളള വഴി.

spot_img

Related Articles

Latest news