എവിടെ രജിസ്റ്റര്‍ ചെയ്തെന്നോ ഉടമസ്ഥന്‍ ആരെന്നോ നോക്കരുത്‌; നിയമം ലംഘിച്ചാല്‍ ഇനി കര്‍ശന നടപടി, ഹൈക്കോടതി നിര്‍ദേശം

കൊച്ചി: നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെങ്കില്‍ കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനമാണെങ്കിലും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.

എവിടെ രജിസ്റ്റര്‍ ചെയ്തെന്നോ ഉടമസ്ഥന്‍ ആരാണെന്നോ നോക്കാതെ ചട്ടം ലംഘിച്ചിട്ടുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിനോടും പൊലീസിനോടും ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി ജി അ‍ജിത് കുമാര്‍ എന്നവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്.

കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കിലും ഉത്തരവ് എല്ലാവര്‍ക്കും ബാധകമാണെന്ന് കോടതി വ്യക്തമാക്കി. ‌ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ഇന്‍ഷ്വറന്‍സും എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണ്. ‌രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മഡ്ഗാഡിന്റെ പുറത്തേക്ക് തള്ളിനില്‍ക്കുന്ന വീതി കൂടിയ ടയറുകള്‍, മുകള്‍ഭാഗത്തു കൂടുതല്‍ ലൈറ്റുകള്‍, ഓപ്പണ്‍ സൈലന്‍സറുകള്‍ തുടങ്ങിയ അനധികൃതമായി ഘടിപ്പിച്ചിരിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കണം.

കോടതി ഉത്തരവുണ്ടായിട്ടും വയനാട് ഗവ. എന്‍ജിനിയറിംഗ് കോളജിലും കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും ചട്ടങ്ങള്‍ ലംഘിച്ച്‌ മോട്ടോര്‍‌ ഷോ നടത്തിയതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദ‌ര്‍ശിപ്പിച്ചു. ഇറക്കുമതി ചെയ്ത ശേഷം നിയമം ലംഘിച്ച്‌ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാ‌ര്‍നെറ്റ് വഴി വിദേശത്തുനിന്ന് കൊണ്ടുവരുന്ന വാഹനങ്ങളുടെ രൂപകല്പനയില്‍ മാറ്റംവരുത്തി കോളജുകളിലും മറ്റും റോഡ് ഷോ നടത്തുന്നത് തടയണമെന്നും കോടതി നിര്‍ദേശിച്ചു. നിയമ ലംഘനങ്ങള്‍ക്കെതിരെ സ്ഥാപന മേധാവിയും നടപടിയെടുക്കണം. പിടികൂടുന്ന വാഹനങ്ങളിലെ നിയമലംഘനങ്ങള്‍ നീക്കിയെന്ന് ഉറപ്പാക്കണം.

കോടതി ഉത്തരവ് കെഎസ്‌ആര്‍ടിസിക്കും കെയുആര്‍ടിസിക്കും ബാധകമാണെന്ന് കോടതി പറഞ്ഞു. സര്‍വീസ് നടത്തുന്ന എല്ലാ കെഎസ്‌ആര്‍ടിസി ബസുകള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.

spot_img

Related Articles

Latest news