കോഴിക്കോട്: ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് എൻ.ഐ.ടി. ക്യാമ്പസിൽ നടക്കുന്ന സംസ്ഥാന കായികമേളയുടെ ആവേശവും മികവും ജനങ്ങളിലെത്തിക്കുന്നതിനായി മീഡിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക കായികമേള സപ്ലിമെന്റ് പുറത്തിറക്കാൻ തീരുമാനിച്ചു. സപ്ലിമെന്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചേർന്ന യോഗത്തിൽ എഡിറ്റോറിയൽ ബോർഡിനും രൂപം നൽകി.
കായികമേളയിലെ ശ്രദ്ധേയമായ മത്സരങ്ങൾ, കായികതാരങ്ങളുടെ മികച്ച പ്രകടനങ്ങൾ, നേട്ടങ്ങൾ, പുതുതലമുറയുടെ കായിക സ്വപ്നങ്ങളും പ്രതീക്ഷകളും എന്നിവയ്ക്ക് സപ്ലിമെന്റിൽ പ്രാധാന്യം നൽകും. കായികമേളയുടെ ചരിത്രം, സംഘാടന മികവ്, വിവിധ മേഖലകളിലെ ശ്രദ്ധേയമായ ഇടപെടലുകൾ എന്നിവയും സപ്ലിമെന്റിൽ ഉൾപ്പെടുത്തും.
മീഡിയ കമ്മിറ്റി ജോയിന്റ് കൺവീനർ ഹിബത്തുള്ള പി.കെ.എം. അധ്യക്ഷത വഹിച്ചു. അഡ്വ. ഫൈസൽ ബാബു എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.അബ്ദുല്ല മാനോടുകയിൽ, ജുമാൻ ടി.കെ., ശിവപ്രസാദ് എലാശേരി, സുബൈർ കെ.കെ. മടവൂർ, എൻ.പി.എ. കബീർ എന്നിവർ സംസാരിച്ചു. മീഡിയ കൺവീനർ അബ്ദുസത്താർ പി.കെ. സ്വാഗതവും ഫാസിൽ എം.പി. നന്ദിയും പറഞ്ഞു.

