ഡൽഹി: പി ഡി പി ചെയര്‍മാൻ അബ്ദുൽ നാസര്‍ മഅ്ദനിക്ക് കേരളത്തില്‍ വരാൻ വീണ്ടും അനുമതി നല്‍കി സുപ്രീം കോടതി.
ഗുരതരാവസ്ഥയിലുള്ള പിതാവിനെ സന്ദര്‍ശിക്കാനാണ് സുപ്രീം കോടതി ഇന്ന് അനുമതി നല്‍കിയത്. കര്‍ണാടക പോലീസ് മഅ്ദനിയുടെ കൂടെയുണ്ടാകില്ല. 15 ദിവസത്തിലൊരിക്കല്‍ കൊല്ലം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പിതാവിൻ്റെ രോഗത്തിന് പുറമെ, തൻ്റെ ഗുരുതര രോഗാവസ്ഥയും കര്‍ണാടക പോലീസിൻ്റെ ഭീമൻ ചെലവും അടക്കം ചൂണ്ടിക്കാട്ടിയാണ് മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബലും അഡ്വ.ഹാരിസ് ബീരാനുമാണ് മഅ്ദനിക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
ഈ മാസം ആറിനാണ് പിതാവിനെ കാണാനാകാതെ മഅ്ദനി കേരളത്തില്‍ നിന്ന് മടങ്ങിയത്. സുപ്രീം കോടതിയുടെ ഉത്തരവിന്മേല്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടി ജൂണ്‍ 27ന് ബെംഗളൂരുവില്‍ നിന്ന് വിമാന മാര്‍ഗം അദ്ദേഹം എറണാകുളത്ത് എത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം പിതാവിനെ കാണാൻ ശാസ്താംകോട്ടയിലെ കുടുംബ വസതിയിലേക്കുള്ള യാത്രാ മധ്യേ അദ്ദേഹത്തിന് ആലുവ ഭാഗത്ത് വെച്ച് കടുത്ത ശാരീരികാസ്വസ്ഥതയും തുടര്‍ച്ചയായ ഛര്‍ദിയുമുണ്ടാകുകായിരുന്നു. ഉടൻ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സ തേടി. ശാരീരിക ബുദ്ധിമുട്ടുകള്‍ മാറ്റമില്ലാത്ത തുടര്‍ന്ന സാഹചര്യത്തില്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ യാത്ര വിലക്കി. ഇതോടെ, പിതാവിനെ കാണണമെന്ന ആഗ്രഹം നിറവേറ്റാനായില്ല.
കോടതി അനുവദിച്ച സമയപരിധി കഴിഞ്ഞതിനാല്‍ ആശുപത്രിയില്‍ നിന്ന് നേരെ ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. ഇരുവൃക്കകളും തകര്‍ന്ന അവസ്ഥയിലാണ് മഅ്ദനിയുള്ളത്. ജാമ്യ വ്യവസ്ഥയിലെ ഉപാധി കാരണം ബെംഗളൂരു വിട്ടുപോകാൻ കഴിയാതെ തടങ്കലിന് സമാനമായാണ് മഅ്ദനി കഴിയുന്നത്.