അധ്യാപക ദിന ചിന്തകൾ

By : മൻഷാദ് അങ്കലത്തിൽ

അന്ന്, പതിവിനു വിപരീതമായി കുട്ടികളുടെ കുരുന്നു മുഖങ്ങളിൽ തെളിഞ്ഞു കണ്ട പ്രസരിപ്പ് എന്താണെന്നറിയാമായിരുന്നെങ്കിലും പുറത്തു പ്രകടിപ്പിക്കാതെ, അസ്സംബ്ലി കഴിഞ്ഞെത്തിയ കുട്ടികളെ ക്‌ളാസിൽ കയറ്റി അറ്റന്റൻസ് എടുത്തു ക്‌ളാസ് തുടങ്ങാനായി ബോർഡിനടുത്തേക്കു നീങ്ങുമ്പോൾ ഇടതു കയ്യിൽ ഒരു തൂവൽ സ്പർശം.

തിരിഞ്ഞുനോക്കുമ്പോൾ മുഖത്തേക്ക് നോക്കി പുഞ്ചിരിക്കുന്ന ആ കുരുന്നു മുഖം. അവളുടെ കയ്യിൽ , മുഖം പോലെ തന്നെ ചുവന്നു തുടുത്ത ഒരു പനിനീർ പുഷ്പം. നിഷ്കളങ്കമായ പുഞ്ചിരിയോടെ അവൾ മൊഴിഞ്ഞു. “ഹാപ്പി ടീച്ചേർസ് ഡേ”.

ചേർത്ത് പിടിച്ചു നെറുകയിൽ തലോടി സീറ്റിലേക്ക് പറഞ്ഞുവിടുമ്പോൾ അവളുടെ പിറകിൽ ആ ക്ലാസ്സ് മുഴുവനും ഉണ്ടായിരുന്നു. ക്‌ളാസ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ കയ്യിലുള്ള ബാഗ് നിറയെ പുഷ്പ്പങ്ങളും കുട്ടികളുടെ സ്നേഹപ്രകടനങ്ങൾ കലാരൂപമായി പ്രതിഫലിക്കുന്ന ആശംസാ കാർഡുകളും.

 കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹപ്രകടനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു ദിവസം കൂടിയായിരുന്നുവല്ലോ ടീച്ചേർസ് ഡേ. ഗുരുശിഷ്യ ബന്ധങ്ങളുടെ ഊഷ്മളത അറിഞ്ഞിരുന്ന ആ നല്ല നാളുകൾ പൂർണ്ണമായും തിരികെ എത്താൻ ഇനിയും വൈകും. കൊറോണ വിഴുങ്ങിയ നാളുകൾ തീരാ നഷ്ടം തന്നെയാണ്.

ചിലർക്കെങ്കിലും സ്‌കൂൾ എന്ന് പറഞ്ഞാൽ കൈകളിൽ ഒതുങ്ങുന്ന ചെറിയ മൊബൈൽ മാത്രമാണ് ഇന്ന്. അതിലെ ചെറിയ ചെറിയ കള്ളികളിൽ ഒതുങ്ങുന്നു കൂട്ടുകാർ. പക്ഷെ അവർക്കറിയാം എല്ലാം. ഇത്ര ചെറുപ്പത്തിൽ തന്നെ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ അവർ പഠിച്ചുകഴിഞ്ഞു.

മൊബൈൽ ഫോണുകളുടെയും കംപ്യുട്ടറുകളുടെയും ഉപയോഗങ്ങളും ദുരുപയോഗങ്ങളും പലരീതികളിലും മുതിർന്ന കുട്ടികളെ ബാധിക്കുന്നുണ്ടെങ്കിലും തുടക്കക്കാർക്ക് സ്‌കൂൾ എന്ന് പറഞ്ഞാൽ ഇപ്പോൾ അതാണ്. അധ്യാപകരോട് സംവദിക്കാൻ, ചോദ്യങ്ങൾക്കു ഉത്തരം പറയാൻ, കൂട്ടുകാരുമായി ശബ്ദസന്ദേശങ്ങളും ടെസ്റ്റുകളും അയക്കാൻ എല്ലാം എല്ലാം അവർ പഠിച്ചുകഴിഞ്ഞു.

ഇന്ന് ടീച്ചേർസ് ഡേ. കുരുന്നുകളുടെ സ്നേഹപ്രകടനങ്ങൾ ആശംസാ രൂപത്തിലെത്തുമ്പോൾ ഫോണിന് ഘനമേറുന്നു. ഒപ്പം ചിന്തകൾക്കും. ഇനി ഭാവിയിലെ സ്‌കൂളുകളും യുണിവേഴ്സിറ്റികളും കേവലം കമ്പ്യൂട്ടറുകളിലും മൊബൈലുകളിലും ഒതുങ്ങുമോ? വെർച്യുൽ സ്‌കൂളുകൾ ഒരു തരത്തിൽ ചിന്തിച്ചാൽ വിജയം തന്നെയാണ്.

പ്രാക്റ്റിക്കൽ ആവശ്യമുള്ള വിഷയങ്ങൾ ഒഴികെ ബാക്കി എല്ലാം തന്നെ ഓൺലൈനിൽ കൈകാര്യം ചെയ്യുന്നുണ്ടല്ലോ ഇപ്പോൾ. ഏതെങ്കിലും കെട്ടിടങ്ങളുടെ ഉപയോഗശൂന്യമായി കിടക്കുന്ന മുറികളും വീടുകളും പിന്നെ പരിശീലനം സിദ്ധിച്ച അദ്ധ്യാപകരും സാങ്കേതിക വിദഗ്ദ്ധരും ഉണ്ടെങ്കിൽ ഒരു യുണിവേസിറ്റി തന്നെ സൃഷ്ടിക്കാമെന്നു പുതുതായി പൊട്ടിമുളച്ച ഓൺലൈൻ പഠനങ്ങൾ കാണിച്ചുതരുന്നു. അത് പഠിപ്പിച്ചു തന്നത് ഒരു സൂക്ഷ്മാണുവും.

അക്രമണോസ്ലുകമായി മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്തു സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും മാത്സര്യത്തിന്റെയും ബാലപാഠങ്ങൾ പഠിപ്പിച്ചു തരുന്ന വിദ്യാലയങ്ങൾ കൂടി ഇല്ലാതായാൽ പിന്നെ എന്തായിരിക്കും എന്ന ആശങ്കയാണ് ഈ അധ്യാപക ദിനത്തിലെ എന്റെ ചിന്തകൾ.

ഗുരുക്കന്മാരായ എല്ലാഅധ്യാപകർക്കും സഹപ്രവർത്തകർക്കുംഅധ്യാപക സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ അധ്യാപക ദിനാശംസകൾ.

റിയാദ്  ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ അധ്യാപികയാണ് ലേഖിക.

spot_img

Related Articles

Latest news