കണ്ണൂർ: വ്യവസായ സ്ഥാപനം പൂട്ടിച്ചതിൽ മനംനൊന്ത് നാടുവിട്ട ദമ്പതിമാരെ സിപിഎം നേതാക്കൾ വീട്ടിലെത്തി കണ്ടു. നഗരസഭയുടെ ഭാഗത്തുനിന്നും ഇനി ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് നേതാക്കള്‍ വ്യവസായി രാജ് കബീറിന് ഉറപ്പ് നൽകി. കണ്ണൂർ ജില്ല കമ്മറ്റിയുടെ നിർദേശ പ്രകാരമാണ് നേതാക്കൾ വ്യവസായിയെ കണ്ടത്. ഇന്ന് സ്ഥാപനം തുറന്നുകൊടുക്കും.
നഗരസഭയ്ക്കെതിരായി മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് നേതാക്കള്‍ രാജ് കബീറിനോട് പറഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ലക്ഷങ്ങൾ ചിലവഴിച്ച് തുടങ്ങിയ സ്ഥാപനം തലശേരി നഗരസഭ പൂട്ടിച്ചതിൽ മനംനൊന്താണ് വ്യവസായി രാജ് കബീറും ഭാര്യയും നാട് വിട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് കാണാതായത്. തുടർന്ന് പോലീസിന്റെ അന്വേഷണത്തിൽ വെള്ളിയാഴ്ച പുലർച്ചെ കോയമ്പത്തൂരിലാണ് കണ്ടെത്തിയത്.
കോടതി ഉത്തരവുണ്ടായിട്ടും വ്യവസായ മന്ത്രി ഇടപെട്ടിട്ടും സ്ഥാപനം തുറക്കാൻ നഗരസഭ സമ്മതിച്ചില്ലെന്നായിരുന്നു രാജ് കബീറിന്റെ പരാതി. സ്ഥാപനത്തിൽ ഷീറ്റിട്ടതുമായി ബന്ധപ്പെട്ടാണ് തലശേരി നഗരസഭയുമായി തർക്കം ഉടലെടുത്തത്. നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നിർദ്ദേശപ്രകാരമാണ് ഷീറ്റിട്ടത്. സ്ഥാപനം പൂട്ടിക്കാൻ കാരണം ഭരണ സമിതിയുടെ ദുർവാശിയെന്നും ദമ്പതികള്‍ പറഞ്ഞിരുന്നു.
വ്യവസായ മന്ത്രി പി രാജീവ് ഈ വിഷയത്തിൽ ഇടപെട്ടിട്ടും നഗരസഭയിൽ നിന്നും നീതി ലഭിച്ചില്ലെന്ന് കഴിഞ്ഞ ദിവസം രാജ് കബീർ പറഞ്ഞിരുന്നു. തലശേരി കണ്ടിക്കലിലെ മിനി വ്യവസായ പാർക്കിൽ 18 വർഷമായി സംരംഭം നടത്തിവരികയായിരുന്നു. മികച്ച വ്യവസായ സംരംഭകനുള്ള പുരസ്കാരം ലഭിച്ച ആളാണ് രാജ് കബീർ. പ്രശസ്ത ബാലസാഹിത്യകാരൻ പരേതനായ കെ തായാട്ടിന്റെ മകനാണ്. രാജ് കബീറിന്റെ മകൻ ദേവദത്തും സ്റ്റാർട്ട് അപ്പ് സംരഭകനാണ്.