ഗസ്സയിലെ അല്‍ശിഫ ആശുപത്രിയില്‍ കൂട്ടക്കുഴിമാടം കണ്ടെത്തി; സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400 പേരുടെ മൃതദേഹം

ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ വ്യോമ, കര ആക്രമണത്തില്‍ തകർത്ത അല്‍ശിഫ ആശുപത്രി അടക്കം രണ്ടിടത്ത് കൂട്ടക്കുഴിമാടം കണ്ടെത്തി.ഇസ്രായേല്‍ സൈന്യം വകവരുത്തിയ സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം 400ലധികം പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

വടക്കൻ ഗസ്സ‍ മുനമ്പിലെ രണ്ട് സ്ഥലങ്ങളില്‍ നിന്നാണ് ഗസ്സ ആരോഗ്യ മന്ത്രാലയവും സിവില്‍ ഡിഫൻസ് ഫോഴ്സും കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയത്. ആദ്യത്തേത് ഗസ്സ സിറ്റിയില്‍ ഇസ്രായേല്‍ തകർത്ത അല്‍ ശിഫ ആശുപത്രിയിലും രണ്ടാമത്തേത് ബൈത് ലാഹിയയില്‍ നിന്നുമാണ്. ബൈത് ലാഹിയയില്‍ നിന്ന് 20 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

രണ്ടാഴ്ചയോളം ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയ ഇസ്രായേല്‍ സൈന്യം ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത് കൂട്ടക്കുഴിമാടം തീർത്ത് മറവ് ചെയ്യുകയായിരുന്നു. പൂർണമായി അഴുകാത്ത മൃതദേഹങ്ങളായതിനാല്‍, അടുത്തിടെ മറവ് ചെയ്തതാകാനാണ് സാധ്യത. ശരീരത്തില്‍ മെഡിക്കല്‍ ബാൻഡേജുകളും കത്തീറ്ററുകളും ഉള്ള നിലയിലാണ് ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ മൃതദേഹങ്ങള്‍.

മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടവർ രോഗികളായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒരു വൃദ്ധനും ഒരു സ്ത്രീയും 20 വയസുകാരനും ഉള്‍പ്പെടുന്നു. ആശുപത്രിയുടെ പ്രധാന കവാടത്തിന് മുമ്പിലാണ് ചിലരെ കൊലപ്പെടുത്തിയതെന്ന് ഡോക്ടർമാരും ആശുപത്രി ജീവനക്കാരും വ്യക്തമാക്കി. ആളുകളെ കൊലപ്പെടുത്തുന്നതും കുഴിച്ചിടുന്നതും നേരില്‍ കണ്ടതായി മെഡിക്കല്‍ സ്റ്റാഫും പറയുന്നു.

ചികിത്സ തേടിയെത്തിയവരും ആരോഗ്യപ്രവർത്തകരും അഭയം തേടിയവരുമടക്കം 300ഓളം പേരെയാണ് ആശുപത്രിക്കകത്ത് ഇസ്രായേല്‍ വെടിവെച്ചും പട്ടിണിക്കിട്ടും മർദിച്ചും രണ്ടാഴ്ച കൊണ്ട് കൂട്ടക്കൊല ചെയ്തത്. മരിച്ചവരുടെ ദേഹത്ത് കൂടി ടാങ്കുകള്‍ ഓടിച്ചു കയറ്റിയെന്ന് ദൃക്സാക്ഷികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആരോഗ്യ പ്രവർത്തകരും പരിക്കേറ്റവരും സ്ത്രീകളുമടക്കം 180ലധികം പേരെ പിടികൂടി അജ്ഞാത കേന്ദ്രത്തിലേക്ക് സൈന്യം മാറ്റുകയും ചെയ്തു.

ആശുപത്രി സമുച്ചയവും പരിസരത്തെ കെട്ടിടങ്ങളും തകർത്തു തരിപ്പണമാക്കിയാണ് ഇസ്രായേല്‍ സേന ഇവിടെ നിന്ന് പിന്മാറിയത്. കെട്ടിടങ്ങള്‍ക്ക് തീയിടുകയും ബോംബിട്ട് കോണ്‍ക്രീറ്റ് കൂനകളാക്കുകയും ചെയ്തു.ആശുപത്രിയിലേക്കുള്ള വഴി ബുള്‍ഡോസർ ഉപയോഗിച്ച്‌ കിളച്ചുമറിച്ചു. ഗസ്സയില്‍ യുദ്ധം തുടങ്ങിയ ശേഷം നാല് തവണയാണ് അല്‍ശിഫ ആശുപത്രി ഇസ്രായേല്‍ ആക്രമിച്ചത്.

spot_img

Related Articles

Latest news