കക്കോടി: പച്ച വാല്‍നക്ഷത്രം (green comet) ബുധനാഴ്ച ഭൂമിക്ക് ഏറ്റവും അടുത്തെത്തും. സമീപകാലത്തായി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പച്ച വാല്‍നക്ഷത്രം ഏതാണ്ട് നാലു കോടി കി.മീ അകലത്തിലാണ് ഭൂമിക്ക് അടുത്തെത്തുക.
ക്രമേണ ഇത് ഭൂമിയില്‍നിന്ന് അകന്നുപോകും.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെറും കണ്ണുകൊണ്ട് കഷ്ടിച്ചുമാത്രം കണ്ടിരുന്ന വാല്‍നക്ഷത്രം അടുപ്പത്തിലായതിനാല്‍ ഒന്നുകൂടി തെളിയാന്‍ സാധ്യതയുണ്ടെന്ന് അമച്വര്‍ വാനനിരീക്ഷകനും ആസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രന്‍ പുന്നശ്ശേരി പറഞ്ഞു.
രാത്രി നന്നായി ഇരുട്ടുന്നതോടെ വാല്‍നക്ഷത്രത്തെ വടക്കന്‍ മാനത്ത് ധ്രുവനക്ഷത്രത്തിന് അല്‍പം തെക്കുമാറി മങ്ങിയ മേഘത്തുട്ടുപോലെ കാണാം. 2022 മാര്‍ച്ച് രണ്ടിന് ഗരുഢന്‍ (Aquila) നക്ഷത്രഗണത്തിലാണ് കണ്ടെത്തുന്നത്. അന്ന് ഏതാണ്ട് 90 കോടി കി.മീ അകലെയായിരുന്നു.
ഇതിന് മുമ്ബ് ഈ വാല്‍നക്ഷത്രം വന്നത് ഏതാണ്ട് അരലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്ബാണെന്നാണ് വാനനിരീക്ഷകര്‍ കരുതുന്നത്. ഫെബ്രുവരി അഞ്ചു മുതല്‍ രണ്ടാഴ്ച ഇത് കാപ്പല്ല നക്ഷത്രത്തിന് സമീപത്തുകൂടെ ചൊവ്വഗ്രഹത്തിനും രോഹിണി നക്ഷത്രത്തിനും സമീപത്തുകൂടി തെക്കോട്ടു നീങ്ങും.
ഫെബ്രുവരി 10ന് ചൊവ്വാഗ്രഹത്തിനടുത്തെത്തുമ്ബോള്‍ നിരീക്ഷണ സാധ്യത ഏറെയാണ്. വാല്‍നക്ഷത്രത്തെ നന്നായി കാണാന്‍ ഏറ്റവും അനുയോജ്യമായ ഉപകരണം ബൈനോക്കുലറാണ്. ഔദ്യോഗികമായി ‘C/2022E3 (ZTF) എന്ന് പേരിട്ടിരിക്കുന്ന ഈ വാല്‍നക്ഷത്രം സൗരയൂഥത്തിന്റെ വിദൂരമേഖലയായ ഊര്‍ട്ട് ക്ലൗഡില്‍ നിന്നായിരിക്കാം വന്നതെന്ന് കരുതുന്നു.
അവിടത്തെ ഏതാനും കിലോമീറ്റര്‍ മാത്രം വലുപ്പമുള്ള ഹിമ പിണ്ഡങ്ങളാണ് വാല്‍നക്ഷത്രത്തിന്റെ ഭ്രൂണങ്ങള്‍ (കുറെക്കൂടി അടുത്തുള്ള കൂയിപ്പര്‍ ബെല്‍ട്ടിലും ഇത്തരം വാല്‍നക്ഷത്ര ഭ്രൂണങ്ങള്‍ കാണുന്നുണ്ട്). അവ സൂര്യന് സമീപത്തേക്ക് കുതിച്ചെത്തുമ്ബോള്‍ ഹിമപദാര്‍ഥങ്ങള്‍ ബാഷ്പീകരിക്കുന്നതുമൂലം തലയും വാലും രൂപപ്പെടുന്നു.