തേനി ജില്ലാ ജയിലിൽ ജീവനക്കാരെ ആക്രമിച്ച് 17 തടവുകാർ ചാടിപ്പോയി; അപസ്മാരം അഭിനയിച്ച് സെൽ തുറപ്പിച്ചു; നാലുപേർ പിടിയിൽ; കേരള അതിർത്തിയിലും ഇടുക്കിയിലും ജാഗ്രത

തമിഴ്‌നാട്ടിലെ തേനി തെക്കംപാട്ടിയിലുള്ള ജില്ലാ ജയിലിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച് വിചാരണ തടവുകാരായ 17 പേർ കൂട്ടത്തോടെ രക്ഷപ്പെട്ടു. തടവുകാരിൽ ഒരാൾ അപസ്മാരം ബാധിച്ചതായി അഭിനയിക്കുകയും, രക്ഷിക്കാനായി ജീവനക്കാർ സെൽ തുറന്നയുടൻ അവരെ ആക്രമിക്കുകയുമായിരുന്നു. രക്ഷപ്പെട്ടവരിൽ നാലുപേരെ പോലീസ് ഉടൻ തന്നെ പിടികൂടി. ബാക്കിയുള്ള പ്രതികൾ അതിർത്തി കടന്ന് ഇടുക്കി വഴി കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് കേരള അതിർത്തി മേഖലകളിൽ കർശന ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

തടവുകാരുടെ ക്രൂരമായ ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റു. തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ പോലീസ് കോൺസ്റ്റബിൾ ജി. തങ്കപാണ്ഡിയെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് ജീവനക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തടവുചാടിയവരിൽ തേനി സ്വദേശികളായ പ്രവീൺ കുമാർ, സിലമ്പരസൻ, മധുര സ്വദേശികളായ രാജാ സികന്ദർ, രാജ്കുമാർ എന്നിവരെയാണ് മണിക്കൂറുകൾക്കകം പോലീസ് വലയിലാക്കിയത്.

രക്ഷപ്പെട്ട മറ്റ് 13 തടവുകാരെ കണ്ടെത്താനായി 17 പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചതായി ഐജി വിജയേന്ദ്ര ബിദാരി അറിയിച്ചു. പ്രതികൾ ജില്ല വിട്ടുപോകാതിരിക്കാൻ ഡിണ്ടിഗൽ ജില്ലയിലുടനീളം 16 പ്രത്യേക ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് വാഹന പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ട തടവുകാരുടെ ഫോട്ടോകളും വിശദവിവരങ്ങളും കേരള പോലീസിനും കൈമാറി. സംഭവത്തിൽ ജയിലിലുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലും പ്രധാന പാതകളിലും കേരള പോലീസ് നിരീക്ഷണം ശക്തമാക്കി. കുമളി, കമ്പം, കമ്പംമെട്ട്, ബോഡിമെട്ട് തുടങ്ങിയ പ്രധാന അതിർത്തി ചെക്ക് പോസ്റ്റുകളിൽ തമിഴ്‌നാട് പോലീസുമായി ചേർന്ന് സംയുക്ത പരിശോധന നടന്നുവരികയാണ്. അതിർത്തി മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യത്തിൽ ആരെയും കണ്ടാൽ ഉടൻ വിവരം പോലീസിനെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

spot_img

Related Articles

Latest news