ഈ വർഷത്തെ ഹജ്ജ് ബുക്കിംഗ് ഞായറാഴ്ച മുതൽ

റിയാദ്- ഈ വർഷത്തെ ഹജ്ജ് ബുക്കിംഗ് ഞായറാഴ്ച(നാളെ)ഉച്ചക്ക് ഒരു മണിമുതൽ ആരംഭിക്കും. ഈ മാസം 23ന് ബുധനാഴ്ച രാത്രി പത്തുമണിവരെയാണ് ബുക്കിംഗിനുള്ള സമയം. ഹജ്ജിനുള്ള അപേക്ഷ സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യം ഈ മാസം 25 മുതൽ അറിയാനാകും. തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് അനുയോജ്യമായ ഹജ്ജ് പാക്കേജ് തെരഞ്ഞെടുക്കണം.

പ്രമേഹം, രക്തസമ്മർദം, വൃക്കരോഗം, ഹൃദ്രോഗം പോലെ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തരായ, 18 മുതൽ 65 വരെ വയസ് പ്രായമുള്ളവർക്കാണ് വ്യവസ്ഥകൾക്ക് വിധേയമായി ഹജ്ജ് അനുമതി നൽകുക. രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർ, ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് പതിനാലു ദിവസം പിന്നിട്ടവർ, രോഗമുക്തി നേടി പ്രതിരോധ ശേഷി ആർജിച്ചവർ എന്നീ വിഭാഗങ്ങളിൽ പെട്ടവർക്കു മാത്രമാണ് ഹജ്ജ് നിർവഹിക്കാൻ അവസരം നൽകുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് തീർഥാടകരുടെ സുരക്ഷക്കും ആരോഗ്യത്തിനും സൗദി ഗവൺമെന്റ് വലിയ ശ്രദ്ധയും മുൻഗണനയുമാണ് കൽപിക്കുന്നത്. ഇതോടൊപ്പം പ്രയാസരഹിതമായി ഹജ്ജ്, ഉംറ കർമം നിർവഹിക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സൗകര്യങ്ങളും രാജ്യം ഒരുക്കുകയും ചെയ്യുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ മാത്രം 15 കോടിയിലേറെ തീർഥാടകരെ രാജ്യം സ്വീകരിച്ചിട്ടുണ്ട്.

ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ഇ-ട്രാക്ക് വഴിയായിരിക്കും ഹജ്ജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുക. ഹജ്ജ് നിർവഹിക്കുന്നതിനിടെ തീർഥാടകർ മുഴുവൻ മുൻകരുതൽ നടപടികളും പാലിക്കണമെന്നും ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷവും സൗദി അറേബ്യക്കകത്തു നിന്നുള്ളവർക്കു മാത്രമാണ് ഹജ്ജ് അനുമതി നൽകിയത്. കഴിഞ്ഞ വർഷം പതിനായിരത്തോളം പേരാണ് ഹജ്ജ് നിർവഹിച്ചത്. ഈ വർഷം വിദേശങ്ങളിൽ നിന്നുള്ളവർക്കും ഹജ്ജ് അനുമതി നൽകുമെന്ന നിലക്ക് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.

 

.

spot_img

Related Articles

Latest news