തൃശൂര്‍:വായിക്കുക, പഠിക്കുക, പഠിപ്പിക്കുക, ആഘോഷിക്കുക എന്ന സന്ദേശവുമായി ഏഷ്യയിലെ ആദ്യ പഠന നഗരമായി തൃശൂര്‍ ചുവടുവയ്‌ക്കുന്നു.
യുനെസ്‌കോയാണ് തൃശൂര്‍ നഗരത്തെ പഠന നഗരിയായി തെരഞ്ഞെടുത്തത്. ലോകത്തെ 20 നഗരങ്ങളില്‍ ഒന്നായാണ് തെരഞ്ഞെടുത്തത്. സംസ്ഥാനതല ആദ്യ പഠന നഗര പ്രഖ്യാപനം തിങ്കള്‍ വൈകിട്ട് അഞ്ചിന് തദ്ദേശ മന്ത്രി എം ബി രാജേഷ് നടത്തുമെന്ന് മേയര്‍ എം കെ വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യുനസ്കോ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സമ്ബൂര്‍ണവും സാര്‍വത്രികവും സാമൂഹികവുമായ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും കലാ– സാംസ്‌കാരിക അവതരണങ്ങള്‍ക്കും അവസരവും വേദിയും ഒരുക്കലാണ് പദ്ധതി ലക്ഷ്യമിടുന്നത്. നൂതനമായ തൊഴിലവസരങ്ങള്‍ക്കും രൂപം നല്‍കും. കുട്ടികളില്‍ വ്യക്തി വികാസത്തിനുള്ള പദ്ധതികളുമുണ്ട്. പൊതുഇടങ്ങള്‍ കുട്ടികള്‍ക്ക് സുരക്ഷിതവും ആരോഗ്യപരവും സുസ്ഥിരവുമാക്കി മാറ്റും. ഈ രൂപരേഖ തയ്യാറാക്കിയതോടെയാണ് തൃശൂരിന് യുനസ്‌കോ അംഗീകാരം ലഭിച്ചത്.
കോര്‍പറേഷന്റെ നേതൃത്വത്തില്‍ കില, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അര്‍ബന്‍ അഫയേഴ്സ്, തൃശൂര്‍ ഗവ. എന്‍ജി. കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടുകൂടി പദ്ധതി തയ്യാറാക്കി വരികയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം ആരോഗ്യ, കാര്‍ഷിക, വെറ്ററിനറി സര്‍വകലാശാലകള്‍, കെഎഫ്‌ആര്‍ഐ, പൊലീസ്, ഫയര്‍, എക്‌സൈസ് അക്കാദമികള്‍, സാഹിത്യ, സംഗീത നാടക, ലളിത കലാ അക്കാദമികള്‍, ഡ്രാമ സ്‌കൂള്‍, ലോ കോളേജ് തുടങ്ങി വിജ്ഞാനമേഖലകളെ പദ്ധതിയില്‍ കണ്ണികളാക്കും. 237 അങ്കണവാടികള്‍, 112 സ്കൂളുകള്‍, 29 കോളേജുകള്‍, 49 ആശുപത്രികള്‍, 47 ലൈബ്രറികള്‍ എന്നിവയേയും ഏകോപിപ്പിക്കും. പദ്ധതിയുടെ പോസ്റ്റര്‍ മേയര്‍ പ്രകാശനം ചെയ്‌തു.
പുഴയ്ക്കല്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങിന്റെ ഭാഗമായി തിങ്കള്‍ രാവിലെ പത്തിന് സെമിനാറുകളുടെ ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിക്കും. റിയല്‍ പ്ലേ സിറ്റി ചലെഞ്ച് പ്രഖ്യാപനം മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, സ്‌റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ പി കെ ഷാജന്‍, വര്‍ഗീസ് കണ്ടംകുളത്തി, എന്‍ എ ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.