പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം

തൃശ്ശൂര്‍: പാറമേക്കാവ് – തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടക ക്ഷേത്രങ്ങളിലും ശനിയാഴ്‌ച പൂരത്തിന് കൊടിയേറ്റും. രാവിലെ 11.15 മുതല്‍ 12 വരെ പാറമേക്കാവ് ക്ഷേത്രത്തില്‍ വലിയപാണി ആരംഭിച്ച്‌ 12.05-ന് കൊടിയേറ്റ്‌ നടക്കും. തുടര്‍ന്ന് പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ മേളം ഉണ്ടാകും.

കൊടിയേറ്റിനുശേഷം വടക്കുന്നാഥന്‍ക്ഷേത്രം ചന്ദ്രപുഷ്‌കരണി ക്ഷേത്രക്കുളത്തില്‍ ആറാട്ട്‌ കഴിഞ്ഞ്‌ തിരിച്ചെഴുന്നള്ളും. തിരുവമ്പാടി ക്ഷേത്രത്തില്‍ രാവിലെ 11.15-നും 12-നുമിടയ്ക്കാണ് കൊടിയേറ്റ്‌. വൈകുന്നേരം മൂന്നിനാണ് ക്ഷേത്രത്തില്‍നിന്നുള്ള പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. 3.30-ന് നായ്ക്കനാലില്‍ എത്തുന്നതോടെ നായ്ക്കനാലിലും നടുവിലാലിലും പൂരപ്പതാകകള്‍ ഉയരും.

ആലിന്റേയും മാവിന്റേയും ഇലകൾ കൊണ്ട് അലങ്കരിച്ച കൊടിമരം ദേശക്കാരാണ് ഉയർത്തുക. എട്ട് ഘടകക്ഷേത്രങ്ങളിലും ഇന്നുതന്നെ കൊടിയേറ്റം നടക്കും. ഘടക ക്ഷേത്രങ്ങളിൽ ലാലൂരിലാണ് ആദ്യ കൊടികയറ്റം. തൊട്ടുപിന്നാലെ പലസമയങ്ങളിലായി മറ്റു ഘടകക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടി ഉയരും. തുടര്‍ന്ന് ശ്രീമൂലസ്ഥാനത്ത് മേളം കൊട്ടിക്കലാശിച്ചശേഷം നടുവില്‍ മഠത്തിലെത്തി ആറാട്ട്‌ കഴിഞ്ഞ് തിരിച്ചെഴുന്നള്ളും. ഘടകക്ഷേത്രങ്ങളിലെ കൊടിയേറ്റ് സമയം: ലാലൂര്‍ 8.00-8.15, അയ്യന്തോള്‍ 11.00-11.15, ചെമ്പുക്കാവ് 6.00-6.15, പനമുക്കംപിള്ളി 6.15-6.30, പൂക്കാട്ടിക്കര കാരമുക്ക് 6.15-6.30, കണിമംഗലം 6.00-6.15, ചൂരക്കോട്ടുകാവ് 6.45-7.00, നെയ്‌തലക്കാവ് 8.00-8.15

തൃശൂർ പൂരത്തിന് ഇനി ആറു ദിവസം മാത്രമാണുള്ളത്. കൊടികയറുന്നതോടെ ഇന്നു മുതൽ തൃശൂർ നഗരം പൂരാവേശത്തിലേക്ക് കടക്കും. തൃശൂർ പൂരത്തിൽ പങ്കാളികളാകുന്ന ഘടകപൂരങ്ങളിൽ എത്തുന്നവരുടെ എണ്ണത്തിന് പരിധിയില്ല. വാക്സിൻ എടുത്തവരോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഉള്ളതോ ആയ എല്ലാവർക്കും ഘടകപൂരങ്ങളുടെ ഭാഗമാകാം. എട്ട് ഘടകപൂരങ്ങളിലെയും 200 പേർക്ക് വീതം സൗജന്യ ആർടിപിസിആർ ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഘടകക്ഷേത്രങ്ങളുടെ പ്രതിനിധികളുമായി ജില്ലാ കളക്ടർ നടത്തിയ യോഗത്തിലാണ് തീരുമാനം. 50 പേർക്കു മാത്രമാണ് ഘടകക്ഷേത്രങ്ങളുടെ പൂരത്തിനൊപ്പം പങ്കെടുക്കാൻ അനുമതി നൽകിയിരുന്നത്. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് പ്രതിനിധികൾ വ്യക്തമാക്കിയതോടെയാണ് ആളുകളുടെ എണ്ണത്തിലുളള നിബന്ധന ജില്ല ഭരണകൂടം നീക്കിയത്.

നഗരത്തിലേക്കുള്ള എല്ലാ വഴികളിലും പൊലീസിന്റെ സർട്ടിഫിക്കറ്റ് പരിശോധനയുണ്ടാകും. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെയുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഈ സർട്ടിഫിക്കറ്റ് മതി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ പൂരം നടത്തുന്നത്.

spot_img

Related Articles

Latest news