പനജി: ഗോവയിൽ തൃണമൂൽ കോൺഗ്രസുമായി കോൺഗ്രസ് സഖ്യം ഉണ്ടാക്കിയേക്കില്ല. ഗോവയിലെ സാഹചര്യം സംബന്ധിച്ച് രാഹുൽ ഗാന്ധി പി ചിദംബരവും കെ സി വേണുഗോപാലുമായും ചർച്ച നടത്തി.
സംസ്ഥാനത്ത് ടിഎംസി കാര്യമായ സാന്നിധ്യമല്ല എന്നതിനൊപ്പം നേതാക്കളെ അടർത്തിയെടുത്ത മമതയുടെ നടപടിയുമാണ് തീരുമാനത്തിന് കാരണമായത്. സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്കു പോയ രാഹുൽ ഞായറാഴ്ചയാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസുമായി കൈകോർക്കാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ് സൂചന നൽകിയിരുന്നു.
ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപക്ഷമായ ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയതിന്റെ ആവേശത്തിലാണ് കോൺഗ്രസ്. മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോക്ക് പിന്നാലെ യുവമോര്‍ച്ചാ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരത്തിനായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം ആരോപിച്ചു.
പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ദിനേശ് ഗുണ്ടുറാവു, സംസ്ഥാന അധ്യക്ഷന്‍ വരദ് മര്‍ഗോല്‍ക്കര്‍ എന്നിവര്‍ പങ്കെടുത്ത പരിപാടിയിലാണ് ഗജാനന്‍ ടില്‍വേ അംഗത്വം സ്വീകരിച്ചത്. ഗജാനന്‍ ടില്‍വെയെക്കൂടാതെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നിലകാന്ത് നായിക് എന്നീ പ്രമുഖ നേതാക്കളും ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി.
എന്നാൽ, ഗോവയിൽ അധികാരം നിലനിർത്താൻ ബിജെപിക്ക് സാധിക്കുമെന്നാണ് ഇന്നലെ പുറത്ത് വന്ന ടൈംസ് നൗ സർവ്വേ ഫലം പറയുന്നത്. എന്നാല്‍ ഗോവയില്‍ പ്രമോദ് സാവന്ത് നയിക്കുന്ന സര്‍ക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഫലത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ആം ആദ്മി പാര്‍ട്ടി ഗോവയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള സാധ്യതയും സര്‍വേ തള്ളുന്നില്ല.