ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ജനുവരി 26ന് കർഷകർ നടത്തുന്ന ട്രാക്ടർ പരേഡിൽ രണ്ടുലക്ഷത്തോളം ട്രാക്ടറുകൾ പങ്കെടുക്കുമെന്ന് കർഷക സംഘടനകൾ. 100 കിലോമീറ്റർ ട്രാക്ടർ റാലിക്കായി വിപുലമായ സജ്ജീകരണങ്ങളാണ് കർഷകർ ഒരുക്കിയിട്ടുളളത്.
ട്രാക്ടറുകളുടെ നീക്കം സുഗമമാക്കുന്നതിനായി 2500 സന്നദ്ധ പ്രവർത്തകരെയും ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതിനായി കൺട്രോൾ റൂമും തയ്യാറാക്കിയിട്ടുണ്ട്. പരേഡുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി 20 അംഗ കേന്ദ്ര സമിതിയെയും കർഷകർ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവർക്ക് കീഴിൽ നിരവധി ഉപസമിതികളും പ്രവർത്തിക്കും.
‘ഞങ്ങൾക്ക് 2500 ഓളം സന്നദ്ധ പ്രവർത്തകരുണ്ട്. അവർ റിപ്പബ്ലിക് ദിനത്തിൽ നടക്കുന്ന ട്രാക്ടർ റാലിയിൽ പങ്കെടുക്കും. റാലിക്കിടയിൽ ആർക്കെങ്കിലും എന്തെങ്കിലും സഹായം വേണമെങ്കിൽ സന്നദ്ധ പ്രവർത്തകർ അവരെ സഹായിക്കും. ചിട്ടയോടെയും അച്ചടക്കത്തോടെയും ട്രാക്ടറുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്തേണ്ടതിന്റെ ഉത്തരവാദിത്വം സന്നദ്ധ പ്രവർത്തകർക്കാണ്. എന്തെങ്കിലും അടിയന്തരാവശ്യങ്ങളുണ്ടായാൽ സന്നദ്ധപ്രവർത്തകർ അതും ശ്രദ്ധിക്കേണ്ടതാണ്.’ കർഷക നേതാക്കളിൽ ഒരാൾ പറയുന്നു.
ഓരോ സന്നദ്ധ പ്രവർത്തകർക്കും ബാഡ്ജുകൾ, ജാക്കറ്റുകൾ, തിരിച്ചറിയൽ കാർഡ് എന്നിവ നൽകും. ട്രാക്ടറുകളെ ജീപ്പുകളിൽ അവർ പിന്തുടരും. ആവശ്യമെങ്കിൽ അവരിൽ കുറച്ചുപേർ കർഷകർക്കൊപ്പം ട്രാക്ടറുകളിൽ കയറും. കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ പോലുളള അവശ്യവസ്തുക്കളുടെ വിതരണം നടത്തുന്നതും സന്നദ്ധ പ്രവർത്തകരായിരിക്കും. ഓരോ ട്രാക്ടറുകളിലും നാലോ അഞ്ചോ കർഷകരടങ്ങുന്ന സംഘമുണ്ടായിരിക്കും. കേന്ദ്ര സമിതി പുതുതായി നിർമിച്ച കൺട്രോൾ റൂമിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കും. 40 ആംബുലൻസുകളും വഴികളിൽ സജ്ജീകരിക്കും.
ഡൽഹി രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിന് ശേഷം പന്ത്രണ്ടുമണിയോടെയായിരിക്കും കർഷകരുടെ ട്രാക്ടർ പരേഡ് ആരംഭിക്കുക. സിംഘു, ടിക്രി, ഘാസിപുർ എന്നീ അതിർത്തികളിൽ നിന്നായിരിക്കും പരേഡിന്റെ തുടക്കം. എന്നാൽ പരേഡ് ഏതുവഴികളിലൂടെയാണ് മുന്നോട്ടു നീങ്ങുക എന്നത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.
കഴിഞ്ഞ ദിവസം കർഷക നേതാക്കളും ഡൽഹി പോലീസും തമ്മിൽ നടത്തിയ ചർച്ചയിൽ ട്രാക്ടർ പരേഡ് നടത്താൻ ഡൽഹി പോലീസ് അനുവാദം നൽകിയതായി കർഷക നേതാവ് അഭിമന്യു കൊഹാർ അവകാശപ്പെട്ടിരുന്നു. എന്നാൽ കർഷകരുമായുളള ചർച്ചയുടെ അവസാനഘട്ടത്തിലാണ് തങ്ങളെന്നാണ് ഡൽഹി പോലീസ് അഡീഷണൽ പബ്ലിക് റിലേഷൻ ഓഫീസർ അനിൽ മിത്തൽ അറിയിച്ചത്.
കർഷകർ ഞങ്ങൾക്ക് പരേഡ് നടത്തുന്ന റൂട്ടിനെ കുറിച്ച് എഴുതി നൽകിയിട്ടില്ല. അത് ലഭിച്ച ശേഷം ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങൾ നൽകാമെന്നായിരുന്നു പോലീസിന്റെ പ്രതികരണം.
കർഷകരുടെ ട്രാക്ടർ പരേഡ് ചരിത്രമാകുമെന്ന് കിർതി കിസാൻ യൂണിയൻ പ്രസിഡന്റ് നിർഭയ് സിങ് ധുഡികെ അഭിപ്രായപ്പെട്ടു. പഞ്ചാബിൽ നിന്ന് ഒരു ലക്ഷം ട്രാക്ടറുകൾ പരേഡിൽ പങ്കെടുക്കുന്നതിനായി അതിർത്തികളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ ജനുവരി 26ന് നീക്കം ചെയ്യുമെന്ന് കർഷക നേതാവ് ദർശൻ പാലും അവകാശപ്പെട്ടിട്ടുണ്ട്.
കേന്ദ്ര സർക്കാർ പാസ്സാക്കിയ കർഷക നിയമങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 2020 നവംബർ 28 മുതലാണ് കർഷകർ ഡൽഹി അതിർത്തിയിൽ സമരം ആരംഭിച്ചത്. സിംഘു, ടിക്രി, ഘാസിപുർ അതിർത്തികളിലാണ് കൊടുംശൈത്യത്തെയും അവഗണിച്ച് കർഷകർ സമരം നടത്തിയത്.