ജിദ്ദ: 18നും 70നും ഇടയില്‍ പ്രായമുള്ള ആഭ്യന്തര തീര്‍ഥാടകര്‍ക്ക് നിലവില്‍ ഉംറ നിര്‍വഹിക്കാന്‍ അനുവാദമുണ്ടെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. എന്നാല്‍, തീര്‍ഥാടകര്‍ ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന കോവിഡ് മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രോട്ടോകോളുകളും കൃത്യമായി പാലിക്കണം. ഇഅ്തമര്‍ന ആപ്ലിക്കേഷന്‍ വഴി ലഭ്യമാവുന്ന ഉംറക്കുള്ള അനുമതി ഉപയോഗിച്ച് 15 ദിവസത്തിനുശേഷം വീണ്ടും ഉംറ ചെയ്യാന്‍ അനുമതി നല്‍കുന്നുണ്ട്. നേരത്തെ ലഭിച്ച അനുമതി റദ്ദായാലും വീണ്ടും അപേക്ഷിച്ചാല്‍ അനുമതി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഗതാഗത സേവനം തിരഞ്ഞെടുക്കല്‍ നിര്‍ബന്ധമില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഉംറ അപേക്ഷക്കായി ഒരേ സമയം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ധന കാരണമാണ് ബുക്കിങ് ലഭിക്കാത്തതെന്നും നിരന്തരം ശ്രമിച്ചാല്‍ മിനിറ്റുകള്‍ക്കകം ബുക്കിങ് ലഭ്യമാവുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആപ്ലിക്കേഷനിലൂടെ ഉംറക്ക് അപേക്ഷിക്കുന്ന പലര്‍ക്കും റിസര്‍വേഷന്‍ ലഭിക്കുന്നില്ലെന്ന പരാതിക്കുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് മഹാമാരി കാരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഉംറ തീര്‍ഥാടനം 2020 നവംബര്‍ ഒന്ന് മുതലാണ് ആഭ്യന്തര തീര്‍ഥാടകര്‍ക്കായി പുനരാരംഭിച്ചത്. ഉംറ സേവനം പുനരാരംഭിച്ചതിെന്റ മൂന്നാംഘട്ടം ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. നിലവില്‍ 20,000 പേര്‍ക്ക് ദിനേന ഉംറ തീര്‍ഥാടനം നടത്താനും 60,000 പേര്‍ക്ക് മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നമസ്കാരം നിര്‍വഹിക്കാനും അനുമതി നല്‍കുന്നുണ്ട്.