യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസ് യുക്രൈനിലേക്ക്

റഷ്യ – യുക്രൈൻ യുദ്ധം നീണ്ടു പോകുന്ന പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിനായി യു എൻ സെക്രട്ടറി ജനറൽ അന്റോണിയോ ​ഗുട്ടെറസ് ഏപ്രിൽ 28ന് യുക്രൈനിലേക്ക് പോവും. അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ, യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി എന്നിവരുമായി ചർച്ച നടത്തും.

കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡൻ്റിനെ വ്ലാദിമിർ സെലൻസ്കി വീണ്ടും ചർച്ചയ്ക്ക് വിളിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കാമെന്നറിയിച്ചുകൊണ്ടാണ് സെലൻസ്കിയുടെ ക്ഷണം. ക്ഷണത്തിൽ പുടിനോ റഷ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, യുക്രൈൻ തുറമുഖ നഗരമായ മരിയുപോൾ പിടിച്ചെടുത്തതായാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ അവകാശപ്പെടുന്നത്. മരിയോപോളിൽ നിന്നുള്ള ഇരുന്നൂറിലേറെ കൂട്ടക്കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് മക്സർ ടെക്നോളജീസ് പുറത്തുവിട്ടത്. ഇവിടെ ഒൻപതിനായിരത്തിലേറെ സാധാരണക്കാരെ റഷ്യൻ സേന വധിച്ചതായി യുക്രൈൻ ആരോപിച്ചിരുന്നു.

മരിയുപോളിലെ അസോവ്സ്റ്റാൾ സ്റ്റീൽ പ്ലാന്റ് സമുച്ചയത്തിൽ രണ്ടായിരത്തിലേറെ യുക്രൈൻ പോരാളികൾ ഉണ്ടെങ്കിലും അവരെ നേരിട്ട് ആക്രമിക്കാതെ ഉപരോധത്തിലൂടെ ശ്വാസം മുട്ടിച്ച് കീഴടങ്ങാൻ പ്രേരിപ്പിക്കുക എന്ന തന്ത്രമാണ് റഷ്യ പിന്തുടരുന്നത്.

മരിയുപോളിനു സമീപമുള്ള മനുഷിലെ സെമിത്തേരിയിലാണ് ഈ കൂട്ടക്കുഴിമാടങ്ങൾ ഉപഗ്രഹ ചിത്രങ്ങൾ വഴി കണ്ടെത്തിയത്. മരിയുപോളിൽ നിന്ന് റഷ്യൻ പട്ടാളം ട്രക്കുകളിൽ മൃതദേഹങ്ങൾ കൊണ്ടുവന്ന് സംസ്കരിക്കുന്നതായി മരിയുപോൾ മേയർ ആരോപണം ഉയർത്തിയിരുന്നു. 1941 ൽ നാസികൾ യുക്രെയ്നിലെ 34,000 ജൂതന്മാരെ കൂട്ടക്കുരുതി നടത്തി ബബിയാറിൽ സംസ്കരിച്ചതിനോടാണ് അദ്ദേഹം ഇതിനെ താരതമ്യപ്പെടുത്തിയത്. ഇതിനെതിരെ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നിലവിലെ സ്ഥിതി പ്രകാരം മരിയുപോളിൽ അവശേഷിക്കുന്ന ആയിരക്കണക്കിനാളുകൾ രക്ഷപ്പെടാനാവാതെ പ്രയാസപ്പെടുകയാണ്. ഇപ്പോൾ യുക്രൈനിന്റെ കിഴക്കൻ ഭാഗങ്ങൾക്കൊപ്പം തെക്കൻ പ്രദേശങ്ങളും പിടിച്ചടക്കുകയാണ് ലക്ഷ്യമെന്ന് റഷ്യയും പറഞ്ഞിരുന്നു.

ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനത്തിനിടെ കീവിലെ ബ്രിട്ടിഷ് എംബസി അടുത്തയാഴ്ച തുറക്കുമെന്ന് വ്യക്തമാക്കി.

spot_img

Related Articles

Latest news