ലക്നോ: ഉന്നാവോയില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യോഗി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. പോലീസിന് സ്വാതന്ത്രം നല്കിയാല് ഇതാണ് ഫലമെന്നും അഖിലേഷ് കുറ്റപ്പെടുത്തി.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ക്രൂരമായി ഉപദ്രവിക്കുന്ന നടപടിയാണ് യോഗി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. തൊഴില്‍രഹിതര്‍, യുവാക്കള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെപ്പോലും യോഗിയുടെ പോലീസ് വെറുതെ വിടുന്നില്ലെന്നും അഖിലേഷ് യാദവ് ആരോപിച്ചു. സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടുന്ന പോലീസ് വ്യാജകേസുകളില്‍ പ്രവര്‍ത്തകരെ പ്രതി ചേര്‍ക്കുകയാണ്. യുപിയില്‍ അമ്മമാരും പെണ്‍കുട്ടികളും സുരക്ഷിതരല്ല. ഹത്രാസില്‍ നിന്നും ഉന്നാവോയില്‍ നിന്നും നിരവധി കേസുകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതിന് ശേഷം യുപിയില്‍ കസ്റ്റഡി മരണങ്ങളുടെയും വ്യാജ ഏറ്റുമുട്ടലുകളുടെയും എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.