ന്യൂദല്‍ഹി: ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള പരമാവധി വിദ്യാര്‍ഥി വിസ അപേക്ഷകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് ഇന്ത്യയിലെ യു.എസ് എംബസി സജീവമായി പ്രവര്‍ത്തിക്കുകയാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞന്‍ പറഞ്ഞു.
വിദ്യാര്‍ഥികളുടെ നിയമാനുസൃത യാത്ര സുഗമമാക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് എംബസിയിലെ കോണ്‍സുലര്‍ അഫയേഴ്‌സ് മന്ത്രി ഡോണ്‍ ഹെഫ്‌ലിന്‍ പറഞ്ഞു. യു.എസില്‍ പ്രവേശിക്കുന്നതിന് നിലവില്‍ കോവിഡ് 19 വാക്‌സിനേഷന്‍ ആവശ്യമില്ല. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് മാത്രം മതി.
കൊറോണ മഹാമാരി മൂലം വിസ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ കാരണം ഇന്ത്യയില്‍നിന്ന് ഉന്നതപഠനത്തിനായി യു.എസിലേക്ക് പോകാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ വലിയ ഉത്കണ്ഠയിലാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച മുതല്‍ എംബസി വിസ ഇന്റര്‍വ്യൂ സ്ലോട്ടുകള്‍ നല്‍കും.
വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉണ്ടായ സമ്മര്‍ദ്ദവും ഉത്കണ്ഠയും മനസ്സിലാക്കുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കഴിയുന്നത്ര വിദ്യാര്‍ത്ഥി വിസ അപേക്ഷകരെ ഉള്‍ക്കൊള്ളാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലേക്ക് നിയമാനുസൃതമായ വിദ്യാര്‍ത്ഥി യാത്ര സുഗമമാക്കുന്നത് യു.എസിന് മുന്‍ഗണനയായി തുടരുകയാണെന്നും ഹെഫ്‌ലിന്‍ പറഞ്ഞു.
ഓഗസ്റ്റ് ഒന്നിനോ അതിനുശേഷമോ പുനരാരംഭിക്കുന്ന അക്കാദമിക് പ്രോഗ്രാമുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രാം പുനരാരംഭിക്കുന്നതിന് 30 ദിവസം മുമ്പ് വരെ അമേരിക്കയിലേക്ക് പോകാം.
ജൂലൈ ഒന്ന് മുതല്‍ സ്റ്റുഡന്റ് വിസ അപേക്ഷകരുടെ അഭിമുഖം നടത്തും.
രണ്ട് മാസം തുടര്‍ച്ചയായി അഭിമുഖം തുടരുമെന്നും ഇന്ത്യയിലുടനീളമുള്ള പ്രാദേശിക കോവിഡ് സാഹചര്യം അടിസ്ഥാനമാക്കി പരമാവധി സൗകര്യം ഏര്‍പ്പെടുത്തുമെന്നും യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
.