തിരുവനന്തപുരം: വാക്‌സിൻ വാങ്ങാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെള്ളിയാഴ്ച വരെ ലഭിച്ചത് 1.8 കോടി രൂപ. വാക്‌സിൻ വാങ്ങാൻ ജനങ്ങൾ നൽകുന്ന തുക സംഭരിക്കുന്നതിന് സി.എം.ഡി.ആർ.എഫിൽ പ്രത്യേക അക്കൗണ്ട് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആ തുക വാക്‌സിനേഷനു വേണ്ടി മാത്രം ചെലവഴിക്കും.
ഇപ്പോൾ വാക്‌സിനേഷൻ സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നത്. എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തിൽ കൂടുതൽ ആളുകൾ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. വ്യക്തികൾ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോർക്കണം.
പ്രതിസന്ധി ഘട്ടങ്ങളിൽ തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷക്കും നാടിന്‍റെ നന്മക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുന്നു. കേരളീയൻ എന്ന നിലയിൽ അഭിമാനം തോന്നുന്ന മറ്റൊരു സന്ദർഭമാണിത്.
ആരുടെയും ആഹ്വാനമനുസരിച്ചല്ല, ജനങ്ങൾ സ്വയമേവ മുന്നോട്ടുവന്നാണ് സംഭാവനകൾ നൽകുന്നത്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിൽനിന്നും വാക്‌സിൻ വാങ്ങാനുള്ള സംഭാവന എത്തുന്നുണ്ട്. വാക്‌സിനേഷൻ ശക്തമായി നടപ്പാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയിൽ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേർതിരിവുകളെ മറികടന്ന് വാക്‌സിൻ ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നിൽക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.