റിയാദ്: മൂന്ന് മലയാളികളെ സൗദി അറേബ്യയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചതായി റിപ്പോർട്ട്. വ്യാജ തൊഴില്‍ വിസയുമായി റിയാദ് കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് തിരുവനന്തപുരം സ്വദേശികളെയാണ് തിരിച്ചയച്ചത്.നാല് ദിവസം മുൻപായിരുന്നു ഇവർ റിയാദിലെത്തിയത്. വിസ വ്യാജമായിരുന്നതിനാല്‍ ഇവരെ വിമാനത്താവളത്തില്‍തന്നെ കസ്റ്റഡിയില്‍ വച്ചതിനുശേഷം നടപടികള്‍ പൂർത്തിയാക്കി തൊട്ടടുത്ത ദിവസം കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ തിരിച്ചയക്കുകയായിരുന്നു.
മറ്റൊരു വിസയുടെ പ്രിന്റില്‍ വിസ നമ്പർ, തീയതി, പേര്, പാസ്പോർട്ട് നമ്പർ, റെഫറൻസ് നമ്പർ, തൊഴില്‍ തുടങ്ങിയ വിവരങ്ങള്‍ തിരുത്തിയാണ് ഇവർക്ക് വിസ നല്‍കിയത്. ഏജന്റുമാർ യഥാർത്ഥ വിസയെന്ന് വിശ്വസിപ്പിച്ച് കബളിപ്പിച്ചതായാണ് വിവരം. വിസയ്ക്ക് ഒന്നര ലക്ഷം രൂപ വീതം സൗദിയിലെ ഏജന്റ് കൈപ്പറ്റിയതായി ഇവർ പറയുന്നു. വ്യാജ വിസയുമായി എത്തിയ മൂന്നുപേരെയും സൗദി പൊലീസ് പിടികൂടി ജയിലിലാക്കിയതായും വിവരമുണ്ട്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെ വിസ വ്യാജമെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചയച്ചിരുന്നു.

