സമൂഹത്തിന്റെ ക്ഷേമത്തിനായി മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വ്യക്തികള്‍ക്കാണ് വോട്ട് ചെയ്യേണ്ടത്. എല്ലാ പാര്‍ട്ടികളിലും ഇത്തരത്തില്‍ നിരവധി പേരുണ്ടാകും. എന്നാല്‍, ആ പാര്‍ട്ടിയിലെ എല്ലാവരും അങ്ങനെയാകണമെന്നില്ല. നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ സമൂഹത്തിന് ആവശ്യമാണ് എന്ന ചിന്താഗതിയില്‍ ആ വ്യക്തിക്കാണ് വോട്ട് ചെയ്യുക.
കൊള്ളാവുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഏതു പാര്‍ട്ടിയിലാണോ ഉള്ളത് ആ പാര്‍ട്ടിയെ വേണം ഭരണ ചുമതലയേല്പിക്കാന്. രാഷ്ട്രീയത്തിലിറങ്ങാന്‍ എനിക്ക് താല്പര്യമില്ല. അല്ലാതെ തന്നെ കഴിയും പോലെ അര്‍ഹരായവരെ സഹായിക്കുന്നുണ്ട്.
തൃക്കാക്കര നിയോജക മണ്ഡലത്തിലെ വോട്ടറാണ് ഞാന്‍. പല പാര്‍ട്ടിയിലെയും പല നേതാക്കളെയും വലിയ ഇഷ്ടമാണ്. ആരുടെയും പേരെടുത്തു പറയുന്നില്ല. ഇത്രയധികം പ്രതികൂല സാഹചര്യങ്ങളെ നല്ലരീതിയില്‍ തരണം ചെയ്ത് എല്ലാ ജനങ്ങള്‍ക്കും ഉതകുന്ന രീതിയില്‍, ഇങ്ങനെ ഭരിച്ച മറ്റൊരു പാര്‍ട്ടി ഉണ്ടാകില്ലെന്നാണ് നിലവിലെ സര്‍ക്കാറിനെ വിലയിരുത്തുമ്പോള്‍ തോന്നുന്നത്. കോവിഡ്, നിപ, പ്രളയകാലങ്ങള്‍ തുടങ്ങി ദുരിതപൂര്‍ണമായ നിരവധി സംഭവങ്ങളുണ്ടായിട്ടും ജനങ്ങള്‍ക്ക് വലിയ കുഴപ്പമില്ലാതെ ഭരിച്ച ഒരു സര്ക്കാറുണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഇത്രയും ബുദ്ധിമുട്ടുകള്‍ക്കിടയിലും നാട്ടിലെ പ്രജകളെ ചിറകിനടിയില്‍ ചേര്‍ത്തു പിടിച്ചതു പോലൊരു വിശ്വാസം ജനങ്ങള്‍ക്കുണ്ട്. ഈ തരത്തില്‍ നോക്കുമ്പോള്‍ തുടര്‍ഭരണത്തിന് സാധ്യതയുണ്ട്. ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് അതാണെന്നാണ് എനിക്കു തോന്നുന്നത്.