വാട്ടർ മെട്രോ ഇന്ന് ഉദ്ഘാടനം

വൈറ്റില മുതല്‍ കാക്കനാട് വരെയുള്ള റൂട്ടും ടെര്‍മിനലുകളുമാണ് ഗതാഗത യോഗ്യമാകുന്നത്

കൊച്ചി നഗരത്തിന്‍റെ സമഗ്ര വികസനത്തിന് ആക്കം കൂട്ടുന്ന വാട്ടർ മെട്രോ ഉദ്ഘാടനം ഇന്ന്. വാട്ടര്‍ മെട്രോയുടെ വൈറ്റില മുതല്‍ കാക്കനാട് വരെയുള്ള റൂട്ടും ടെര്‍മിനലുകളുമാണ് ഗതാഗത യോഗ്യമാകുന്നത്.

നിരവധി പ്രത്യേകതകളാണ് വാട്ടര്‍മെട്രോയ്ക്കുള്ളത്. എല്ലാവര്‍ക്കും പ്രാപ്യമായതും, സുരക്ഷിതവും കാര്യക്ഷമവുമായ ഒരു ഹരിത ഗതാഗത സംവിധാനമാണിത്. സുഖകരമായ സഞ്ചാരത്തിനായി എയര്‍കണ്ടീഷന്‍ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഫ്ളോട്ടിംഗ് ജെട്ടികള്‍ അവതരിപ്പിക്കുന്നതിലൂടെ രാജ്യത്താദ്യമായി ഭിന്നശേഷി സൗഹൃദമായ ഒരു ജലഗതാഗത സംവിധാനമായി വാട്ടര്‍ മെട്രോ മാറുകയാണ്.

പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍, ഫോസില്‍ ഇന്ധനങ്ങള്‍ വഴിയുണ്ടാകുന്ന പരിസ്ഥിതികനാശവും ഉണ്ടാകില്ല. ആദ്യഘട്ടമെന്ന നിലയില്‍ കൊച്ചിയുടെ സമീപത്തുള്ള 10 മനോഹരമായ ദ്വീപുകളെയാണ് ഈ പദ്ധതിയുമായി ബന്ധിപ്പിക്കുന്നത്. ദ്വീപുകള്‍ നഗര ഹൃദയവുമായി ബന്ധിപ്പിക്കുന്നതിലൂടെ വിനോദസഞ്ചാര മേഖലയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. ഇത് ദ്വീപുനിവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകും.

38 ടെര്‍മിനലുകളും 78 ബോട്ടുകളുമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ഒന്നാം ഘട്ടമെന്ന നിലയില്‍ 16 ടെര്‍മിനലുകള്‍ നിര്‍മ്മിക്കുവാനാണ് തീരുമാനിച്ചത്. വൈറ്റില മുതല്‍ കാക്കനാട് വരെയുള്ള വാട്ടര്‍മെട്രോയുടെ ആദ്യ സഞ്ചാരപാത, വൈറ്റിലയിലും കാക്കനാടും നിര്‍മിച്ച രണ്ട് ടെര്‍മിനലുകള്‍ എന്നിവയുടെ ഉദ്ഘാടനവുമാണ് ഇന്ന് നടക്കുന്നത്. ഈ സഞ്ചാരപാത ഇന്‍ഫോപാര്‍ക്കിലേയ്ക്കും, സ്മാര്‍ട്ട് സിറ്റിയിലേയ്ക്കും ദീര്‍ഘിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട ദീര്‍ഘിപ്പിക്കല്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഇന്‍ഫോപാര്‍ക്കിലേയും, സ്മാര്‍ട്ട് സിറ്റിയിലേയും ജീവനക്കാരുടെ യാത്ര ഏറെ സുഗമമാകും

നദികളും, കായലുകളും, കനാലുകളും യാത്രായോഗ്യമാക്കുക എന്ന വലിയ ലക്ഷ്യമാണ് വാട്ടര്‍ മെട്രോയ്ക്ക് പിന്നിലുള്ളത്. പരിസ്ഥിതി സന്തുലിതാവസ്ഥയിലൂടെ സുസ്ഥിരമായ ഗതാഗതമെന്ന കാഴ്ചപ്പാടിന്‍റെ കൂടി സാക്ഷാല്‍ക്കാരമാണ് വാട്ടര്‍ മെട്രോ.

spot_img

Related Articles

Latest news