രൂക്ഷമായ വന്യമൃഗശല്യം -സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. കിസാൻ കോൺഗ്രസ്സ്
കോഴിക്കോട് : വന്യമൃഗശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കിസാൻ കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. ഇതിലേക്കായി 1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തിലെ 11/1 ബി വകുപ്പു പ്രകാരം സംസ്ഥാന സർക്കാരിൽ നിഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് എന്നിവയെ അടിയന്തിരമായ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കേണ്ടത് കർഷകരുടെ നിലപാടിന് അനിവാര്യമാണ്.
ഈ ലക്ഷ്യത്തിനായി വൻതോതിൽ വംശവർദ്ധന നടത്തി കൃഷി നാശം വരുത്തുന്ന വന്യമൃഗങ്ങളുടെ ഇനങ്ങളെ തിരിച്ചറിയാനും അവയെ ഉപദ്രവകാരികളായ മൃഗങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താനും ഒരു സമിതിയെ നിയോഗിച്ച് പഠനം നടത്തണം. ഈ സമിതിയിൽ കർഷകരുടെ പ്രതിനിധികളെ ഉൾപ്പെടുത്തണം.
വന വിസ്തൃതിക്കനുസരിച്ചു വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ഈ സമിതി പഠന വിധേയമാക്കണം.
സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ് ചെയർമാൻ എന്ന നിലയിൽ കർഷകർക്കായി ഈ സഹായം ചെയ്തു തരാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം.
കൃഷി ഭൂമിയിൽ വന്യമൃഗങ്ങൾ വരുത്തുന്ന കൃഷി നാശത്തിന് ന്യായമായ നഷ്ട പരിഹാരം നൽകണം. വനവും കൃഷിയിടവും കൃത്യമായ ജോയിൻ്റ് സർവേയുടെ അടിസ്ഥാനത്തിൽ വേർതിരിച്ച് വനാതിർത്തിയിൽ ഫലപ്രദമായ വേലിയോ, കിടങ്ങോ നിർമിച്ച് വന്യമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയണം. നികുതിയടച്ച് കൈവശം വെച്ച് കൃഷി ചെയ്യുന്ന സ്വന്തം കൃഷിയിടത്തിൽ ഇറങ്ങി കൃഷിനശിപ്പിക്കുന്ന വന്യ മ്യഗങ്ങളെ ഏതു മാർഗം ഉപയോഗിച്ചും ഇല്ലാതാക്കി കൃഷി ഭൂമി സംരക്ഷിക്കാനുള്ള അധികാരം കർഷകർക്ക് നൽകണമെന്നും ആവശ്യപ്പെട്ടു.