ധനമന്ത്രി ആയതിന് പിന്നാലെ നിര്‍മലാ സീതാരാമന്‍ അവതരിപ്പിക്കുന്ന അഞ്ചാമത് പൊതുബജറ്റിനാണ് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ചത്.
ഒട്ടേറെ മാറ്റങ്ങള്‍ ബജറ്റില്‍ കൊണ്ടുവന്ന നേട്ടം നിര്‍മലാ സീതരാമന് സ്വന്തം. ഇതോടെ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച വനിത എന്ന് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ധനമന്ത്രി. ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് തുടര്‍ച്ചായി നാല് തവണ അവതരിപ്പിച്ചതിന്റെ റെക്കോഡും നിര്‍മ്മല സീതാരാമന്റെ പേരിലാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ ധനകാര്യമേഖലയെ സ്ത്രീയുടെ കരങ്ങളില്‍ ഏല്‍പ്പിച്ചതിന് പിന്നാലെ അനവധി മാറ്റങ്ങളാണ് ബജറ്റിലുണ്ടായത്. ആദ്യത്തെ ‘പേപ്പര്‍ ലെസ് ബജറ്റ്’ മുതല്‍ ‘ചുവന്ന സില്‍ക്ക് ബാഗ്’ വരെ അവതരിപ്പിച്ചതിന്റെ ക്രഡിറ്റ് നിര്‍മലാ സീതാരാമന് സ്വന്തമാണ്. ബജറ്റ് രേഖകളുള്ള തുകല്‍ ബാഗിന് പകരം ചുവന്ന സില്‍ക്ക് ബാഗ് ആക്കിയത് നിര്‍മലാ സീതാരാമന്‍ ആയിരുന്നു. 2021-ലാണ് കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കുന്നത്. 2019 ജൂലൈയില്‍ രണ്ട് മണിക്കൂറും 17 മിനിറ്റും ദൈര്‍ഘ്യമുള്ള ബജറ്റ് അവതരിപ്പിച്ച് റെക്കോഡ് സൃഷ്ടിച്ച് ധനമന്ത്രി പദം ധന്യമാക്കിയിരുന്നു.
ബജറ്റ് ദിനങ്ങളില്‍ നിര്‍മലാ സീതാരാമന്‍ ധരിക്കുന്ന സാരികള്‍ക്കും ഏറെ പ്രത്യേകതയുണ്ട്. 2019 മുതല്‍ എല്ലാ ബജറ്റ് അവതരണ വേളയിലും അവര്‍ ധരിച്ചിരുന്നത് കൈത്തറിയില്‍ നെയ്‌തെടുത്ത സാരികളായിരുന്നു. കൈത്തറി നിര്‍മിത സാരികളോട് നിര്‍മലാ സീതാരാമന് പ്രത്യേക ഇഷ്ടമാണുള്ളത്. തന്റെ സാരി താല്‍പര്യത്തെ കുറിച്ച് ധനമന്ത്രി നേരത്തെ പറഞ്ഞിട്ടുണ്ട്.
കറുപ്പും സ്വര്‍ണവും കലര്‍ന്ന ബോര്‍ഡറോട് കൂടിയ ചുവപ്പ് നിറത്തിലുള്ള സാരി ധരിച്ചാണ് 2023-ലെ ബജറ്റ് അവതരിപ്പിക്കാനായി നിര്‍മലാ സീതാരാമനെത്തിയത്. ഒപ്പം സ്വര്‍ണ നിറത്തിലുള്ള കമ്മലും വളകളും ധരിച്ച് അതി ലളിതമായാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്. ഹിന്ദു സംസ്‌കാര പ്രകാരം ചുവപ്പ് സ്ത്രീ ശക്തിയുടെ പ്രതിരൂപമായ ദുര്‍ഗാദേവിയെ പ്രതിനിധീകരിക്കുന്നു.