കോഴിക്കോട് ജില്ലാ ടിബി കേന്ദ്രം കോഴിക്കോട്, ആരോഗ്യ വകുപ്പ്, ഐ.എം.എ കോഴിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ ലോക ക്ഷയരോഗ ദിനം ആചരിക്കുന്നു. ‘ക്ഷയരോഗനിവാരണത്തിനായി നിക്ഷേപിക്കാം, ജീവൻ രക്ഷിക്കാം’ എന്നതാണ് ഈ വർഷത്തെ ക്ഷയരോഗദിന സന്ദേശം.
രാവിലെ 9.15ന് മലബാർ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന ക്ഷയരോഗദിന സന്ദേശ ബഹുജന റാലി മേയർ ഡോ. ബീന ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ ക്ഷയരോഗ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം 10 മണിക്ക് തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും.
ഐ.എം.എ ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ ഡോ. തേജ് ലോഹിത് റെഡ്ഡി മുഖ്യപ്രഭാഷണം നടത്തും. ഐ.എം.എ സ്റ്റേറ്റ് സെക്രട്ടറി ഡോ.അജിത് ഭാസ്‌കർ മുഖ്യാതിഥിയാകും.
ക്ഷയരോഗ ബോധവത്കരണവുമായി ബന്ധപ്പെട്ട് നിർമിച്ച ‘ആരോഗ്യ ചിന്ത’ വീഡിയോ ലോഗോ കേരള ചലച്ചിത്ര അക്കാദമി മലബാർ റീജ്യണൽ കോ-ഓർഡിനേറ്റർ നവീന പുതിയോട്ടിൽ ഏറ്റ് വാങ്ങും. ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. ബി. വേണുഗോപാൽ ക്ഷയരോഗ ദിന പ്രതിജ്ഞ ചൊല്ലി കൊടുക്കും.
”പോസ്റ്റ് കോവിഡ് ടി.ബി നോട്ടിഫിക്കേഷൻ” എന്ന വിഷയത്തിൽ നടക്കുന്ന ആരോഗ്യ സെമിനാറിന് ഗവ. മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ. രജസി ആർ.എസ് നേതൃത്വം നല്കും. ജില്ലാ ടിബി ആന്റ് എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ പി പി പ്രമോദ് കുമാർ, ജില്ലാ ടിബി ഫോറം പ്രസിഡന്റ് ശശികുമാർ ചേളന്നൂർ, ടിബി അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ അഡ്വ .എം രാജൻ, ഡോ .ജയശ്രീ പി.ആർ, ഡോ ജ്യോതി കൈലാഷ് എന്നിവർ സംസാരിക്കും.
ക്ഷയരോഗ ദിനചാരണ സന്ദേശ പ്രചരണാർഥം ബേബി മെമ്മോറിയൽ ആശുപത്രിയിലെ പാരാ മെഡിക്കൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കെഴിക്കോട് ബീച്ചിൽ ഫ്‌ളാഷ് മോബും അവതരിപ്പിച്ചിരുന്നു.