തൃശൂര്‍ : തൃശൂരിലെ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ വയോധികയ്ക്ക് ജ്യൂസില്‍ ഉറക്ക ഗുളിക കൊടുത്ത് മയക്കിക്കിടത്തി, മാല മോഷ്ടിച്ച യുവതി അറസ്റ്റിലായി.
തളിക്കുളം എസ്.എന്‍.വി സ്കൂളിന് സമീപം കളരിക്കല്‍ ലജിതയെയാണ് (41) ഈസ്റ്റ് സി.ഐ പി.ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം.
തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തി കാത്തിരിക്കുകയായിരുന്ന 60 വയസുള്ള സ്ത്രീയോട്, അടുത്തിരുന്ന് സ്നേഹം നടിച്ച്, ഉറക്കഗുളിക ചേര്‍ത്ത ജ്യൂസ് കുടിക്കാന്‍ നല്‍കുകയായിരുന്നു. ജ്യൂസ് കുടിച്ച സ്ത്രീ ഉറക്കം തൂങ്ങാന്‍ തുടങ്ങിയപ്പോള്‍, മടിയില്‍ തലവെച്ച് ഉറങ്ങിക്കൊള്ളാന്‍ പറയുകയും, മാല മോഷ്ടിക്കുകയും ചെയ്തു. മോഷ്ടിച്ച മാല പിന്നീട് ഇവര്‍ ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ചു. മാല മോഷ്ടിച്ച സ്ത്രീ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്, കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതിയെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയില്‍ നിന്നും ലഭിച്ചു.
നഷ്ടപ്പെട്ട മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയില്‍ ഇത് സ്വര്‍ണാഭരണമല്ലെന്ന് തെളിഞ്ഞു.