തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ ജയില്‍ മോചിതനായി. എട്ട് ദിവസത്തെ ജയില്‍വാസത്തിന് ശേഷം മുഴുവൻ കേസുകളിലും ജാമ്യം കിട്ടിയതോടെയാണ് രാഹുല്‍ പുറത്തിറങ്ങിയത്.പൂജപ്പുര സെൻട്രല്‍ ജയിലിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് പ്രവര്‍ത്തകര്‍ ഒരുക്കിയത് വൻ സ്വീകരണം. പടക്കം പൊട്ടിച്ചും പൂക്കള്‍ വിതറിയും ആനയിച്ച് പുറത്തേക്ക്. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബിവി ശ്രീനീവാസ്, എംഎല്‍എമാര്‍ അടക്കമുള്ളവരും സ്വീകരിക്കാനെത്തിയിരുന്നു.
സെക്രട്ടേറിയേറ്റ് സംഘര്‍ഷമടക്കം എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് അദ്ദേഹം ജയില്‍ മോചിതനായത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട പ്രധാന കേസിലും ഡിജിപി ഓഫീസ് മാര്‍ച്ചിലെടുത്ത കേസിലും കോടതി ജാമ്യം അനുവദിച്ചതോടെയാണ് രാഹുല്‍ ജയില്‍ മോചിതനാകുന്നത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ കഴിഞ്ഞ ദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു.
ജനുവരി 9 നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ വീടുവളഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തത്. നിയമങ്ങള്‍ പോലും കാറ്റില്‍ പറത്തി നടത്തിയ ആസൂത്രിത അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. രാഷ്ട്രീയ വേട്ടയാടലിന്‍റെ ഭാഗമായി കഴിഞ്ഞ 9 ദിവസമായി ജയിലില്‍ കഴിയേണ്ടിവന്ന രാഹുല്‍ വര്‍ധിത വീര്യത്തോടെയാണ് കര്‍മ്മമേഖലയില്‍ സജീവമാകാനായി തിരികെ എത്തുന്നത്.