പാവപ്പെട്ടവർക്ക് വീടു വച്ചു നല്‍കാനുള്ള പ്രധാനമന്ത്രി ആവാസ് യോജനയിൽ 1,880 കോടിയുടെ സബ്സിഡി തട്ടിപ്പ്. വീടു നിർമ്മാണത്തിന് ഇടനിലക്കാരായ നിർമ്മാണ, ധനസ്ഥാപനം വഴിയാണ് തട്ടിപ്പ് നടത്തിയത്. 2.60 ലക്ഷം വ്യാജ ഗുണഭോക്താക്കളുടെ പേരില് രേഖയുണ്ടാക്കിയാണ് ഖജനാവിൽ നിന്ന് വന്‍ കൊള്ള നടത്തിയത്.
പിഎം ആവാസ് യോജന വഴി നിർമ്മിച്ച വീടുകള് രണ്ടു കോടിയോട് അടുക്കുന്നുവെന്ന കേന്ദ്ര സർക്കാരിന്റെ അവകാശ വാദത്തെ ചോദ്യം ചെയ്യുന്നതാണ് പുതിയ വെളിപ്പെടുത്തൽ. വൻ തട്ടിപ്പിന്റെ വിവരം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. പിന്നാലെ സിബിഐ കേസെടുത്തു.
ആവാസ് യോജന പ്രകാരം പാവപ്പെട്ടവർക്ക് വീടുണ്ടാക്കാന് കമ്പോള നിരക്കിനും കുറഞ്ഞ പലിശയില്‍ വായ്പ അനുവദിക്കാറുണ്ട്. പദ്ധതി പ്രകാരം വായ്പ അനുവദിക്കാന്‍ ചുമതലപ്പെടുത്തിയ ദിവാന്‍ ഹൗസിങ് ആന്‍ഡ് ഫിനാന്‍സ് ലിമിറ്റഡ് (ഡിഎച്ച്‌എഫ്‌എല്‍) വഴിയാണ് വൻ തട്ടിപ്പ് നടന്നത്. യുപിഎ സര്‍ക്കാര്‍ ഭരിച്ച 2007 മുതല്‍ 2019 വരെ ഡിഎച്ച്‌എഫ്‌എല്‍ ബാന്ദ്രാ ബ്രാഞ്ചില്‍ 2.60 ലക്ഷം വ്യാജ അക്കൗണ്ട് ഉണ്ടാക്കി 14,046 കോടിയുടെ വായ്പ നല്കി.
വായ്പകള്‍ക്ക് നാഷണല്‍ ഹൗസിങ് ബാങ്കില്‍നിന്ന് സബ്സിഡിയായി ലഭിച്ചത് ആയിരക്കണക്കിന് കോടികള്. ഈ തുക ഡിഎച്ച്‌എഫ്‌എല്‍ കടലാസ് കമ്പനികളുടെ അക്കൗണ്ടുകളിലേക്ക് മാറ്റി. മുമ്പ് ഭവനവായ്പ എടുത്ത് തിരിച്ചടച്ചവരുടെ വിവരം ഉപയോഗിച്ചാണ് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയത്. രണ്ടുഘട്ടമായി ആകെ 1,887.20 കോടിയുടെ സബ്സിഡി തട്ടി.
ഡിഎച്ച്‌എഫ്‌എല് ഡയറക്ടര്‍മാരായ കപില്‍ വദ്വാനും ധീരജ് വദ്വാനും നിലവില് ജയിലിലാണ്. ഡിഎച്ച്‌എഫ്‌എല്ലില്‍ 3,700 കോടിയുടെ നിക്ഷേപം നടത്തിയതിന് യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂര്‍ 600 കോടി കോഴ കൈപ്പറ്റിയെന്ന കേസിലാണിത്. ആവാസ് യോജന തട്ടിപ്പിലും വദ്വാന് സഹോദരന്മാരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.