കോഴിക്കോട്: കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിന്റെ വാഹനത്തിന് നേരെ കല്ലേറ്. കളക്ടറേറ്റ് വളപ്പിൽ വെച്ചാണ് കല്ലെറിഞ്ഞത്. കാറിന്റെ ചില്ലുകൾ തകർന്നു. സംഭവത്തിൽ എലത്തൂർ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കളക്ടർ അക്രമസമയം കാറിൽ ഉണ്ടായിരുന്നില്ല. ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും നേരത്തെ ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും കളക്ടർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് വാഹനത്തിന് നേരെ കല്ലെറിഞ്ഞതെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇയാളെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തേ എലത്തൂരിലെ പെട്രോൾ പമ്പിലും ഇയാൾ പ്രശ്നം ഉണ്ടാക്കിയതായി പോലീസ് പറയുന്നു.
കാർ ആക്രമിച്ച ശേഷം ഇയാൾ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതായും കളക്ട്രേറ്റ് വളപ്പിനുള്ളിൽ ഉള്ളവർ പറയുന്നു. എന്നാൽ ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാവോയിസ്റ്റ് ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. രാവിലെ കളക്ട്രേറ്റ് വളപ്പിലെത്തിയ ഇദ്ദേഹം കാറിന്റെ ചില്ലുകൾ കല്ലുകൊണ്ട് എറിഞ്ഞ് തകർക്കുകയായിരുന്നു.