പെരുമണ്ണ:കുടുംബ വഴക്കിനെ തുടർന്നുണ്ടായ അക്രമണത്തെ തുടർന്ന് മൂന്ന് പേർക്ക് ഗുരുതരമായും ഒരാൾക്ക് നിസ്സാരമായും പരിക്കേറ്റു.
മീഞ്ചന്ത അരീക്കാട് സ്വദേശികളും സഹോദരൻമാരുമായ പി.കെ.ഹൗസിൽ അബ്ദുൽ ഗഫൂർ (47) സിദ്ധീഖ് (45) ഇവരുടെ സുഹൃത്തും അയൽവാസിയുമായ കോയ ( 45 ) ഗഫൂറിൻ്റെ സഹോദരി ഭർത്താവ് പെരുമണ്ണ വെള്ളായിക്കോട് മഞ്ചപ്പാറമ്മൽ യാസിർ (35) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം നടന്നതെന്ന് പന്തീരാങ്കാവ് പൊലീസ് പറഞ്ഞു.
മഞ്ചപ്പാറമ്മൽ യാസിർ ഭാര്യ റജീനയുമായി പതിവായി വഴക്കുണ്ടാകാറുണ്ടെന്നും ശാരീരികമായ ഭർത്താവിൽ നിന്നും അക്രമമുണ്ടാകുന്നത് പതിവായപ്പോൾ സഹോദരങ്ങളെ വിവരമറിയിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിയ യാസിർ റജിനയെ അക്രമിച്ചപ്പോൾ കുതറിയോടിയ റജീന തൊട്ടടുത്തുള്ള യാസിറിൻ്റെ തറവാട്ടുവീട്ടിൽ ഭർതൃപിതാവിൻ്റെയടുത്ത് അഭയം പ്രാപിക്കുകയായിരുന്നു.
വിവരമറിഞ്ഞ് അന്വേഷിക്കാനെത്തിയ റജീനയുടെ സഹോദരങ്ങളെയും സുഹൃത്തിനെയും ഇരുമ്പ് നിർമ്മിതമായ ആയുധം കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് അയൽക്കാരും നാട്ടുകാരും പറഞ്ഞു.
അക്രമത്തിന് ശേഷം യാസിർ സ്വന്തം കൈയ്യിലെ ഞരമ്പ് മുറിച്ചതായും നാട്ടുകാർ പറഞ്ഞു.
പന്തീരാങ്കാവ് പൊലീസും വിരലടയാള വിദഗ്ദ്ധരും സംഭവസ്ഥലം പരിശോധിച്ചു.
യാസിറിൻ്റെ പേരിൽ കേസ്സ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു.
പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർബൈജു കെ.ജോസ്, എസ്.ഐ, കെ.എസ്.ജിതേഷ്, ഹെഡ് കോൺസ്റ്റബിൾ ടി. പ്രബീഷ്, ഡ്രൈവർ ജിതിൻ പി, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുനിൽ, കോഴിക്കോട് സിറ്റി സയൻ്റിഫിക് ഓഫിസർമാരായ കെ പി ഹിദായത്ത്, എം സിന്ധു, കെ.ഹാരിസ് പാതിരിക്കോടൻ എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്.
പെരുമണ്ണ വെള്ളായിക്കോട് മഞ്ചപ്പാറമ്മൽ വീട്ടിലുണ്ടായ അക്രമ സ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും പൊലീസും പരിശോധന നടത്തുന്നു