കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച ബഹുമുഖ പ്രതിഭ പ്രഫ. കെ.എ സിദ്ദീഖ് ഹസന്റെ മയ്യിത്ത് ആയിരങ്ങളെ സാക്ഷി നിർത്തി ഖബറടക്കി. ഇന്നലെ മുതൽ കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.ടി പോളിടെക്നിക്കിൽ തുടർച്ചയായി നടന്ന മയ്യിത്ത് നമസ്കാരങ്ങൾക്കും പൊതുദർശനത്തിനും ശേഷം രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം വെള്ളിപ്പറമ്പ ജുമാമസ്ജിദിലേക്ക് കൊണ്ടു പോയത്. മകന്റെ നേതൃത്വത്തിൽ പള്ളിയിൽ നടന്ന അവസാന മയ്യിത്ത് നമസ്കാരത്തിന് ശേഷം 8.30 ന് ഖബറടക്കി.
ചൊവ്വാഴ്ച വൈകുന്നേരം 4 മണിയോടെയാണ് വെള്ളിമാടുകുന്ന് ജെ.ഡി.ടി പോളിടെക്നിക്കിൽ പൊതുദർശനത്തിനായി മൃതദേഹം കൊണ്ടുവന്നത്. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവരും സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് മൃതദേഹം അവസാന നോക്കു കാണാൻ ജെ.ഡി.ടിയിലെത്തിയത്. ഇന്നു രാവിലെ എട്ടിന് മൃതേദഹം ജുമാമസ്ജിദിലേക്ക് കൊണ്ടുപോകുന്നതു വരെ തുടർച്ചയായി നടന്ന മയ്യിത്ത് നമസ്കാരങ്ങൾക്ക് നേതൃത്വം നൽകിയത് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള നേതാക്കളായിരുന്നു. ജെ.ഡി.ടിയിൽ നടന്ന അവസാന മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകിയത് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ അബ്ദുൽ അസീസാണ്.