കൊച്ചു കുട്ടികളുള്ള വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ചില പൊടിക്കൈകള്‍

ക്ലാസുകളും പരീക്ഷകളുമെല്ലാം ഓണ്‍ലൈനായതോടെ കുട്ടികള്‍ സദാസമയവും വീട്ടില്‍ തന്നെയായി. എന്നാല്‍ ഇത് പണിയായി മാറിയത് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്കാണ്.

ഓഫീസിലെ തിരക്കുകളും ടെന്‍ഷനുകളുമെല്ലാം വീട്ടില്‍ ഇരുന്ന് തന്നെ കൈകാര്യം ചെയ്യേണ്ട സ്ഥിതിയായി. ഇതിനിടെ വീട്ട് ജോലികളും മക്കളുടെ കാര്യവും കൂടി ശ്രദ്ധിക്കേണ്ടി വന്നതോടെ പലര്‍ക്കും ജോലി തന്നെ മടുത്ത മട്ടാണ്.

ഇത്തരം സാഹചര്യത്തില്‍, കുട്ടികളുടെ സ്ക്രീന്‍ സമയം വര്‍ദ്ധിപ്പിക്കാതെ അവരുടെ വളര്‍ച്ചയെ സഹായിക്കുന്ന ശരിയായ രീതിയില്‍ കാര്യങ്ങള്‍ എങ്ങനെ ക്രമീകരിക്കാം എന്ന് നോക്കാം.

അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികളെ അവരുടെ കളിപ്പാട്ടങ്ങള്‍ കഴുകാന്‍ ഏര്‍പ്പെടുത്താം. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് കുറച്ച്‌ സോപ്പും വെള്ളവും നല്‍കി കളിപ്പാട്ടങ്ങള്‍ കഴുകാന്‍ അവരോട് ആവശ്യപ്പെടാം. ഈ പ്രവര്‍ത്തനം അവരെ തിരക്കിലാക്കുക മാത്രമല്ല. അവരിലെ ശുചിത്വ ശീലം വികസിപ്പിക്കുകയും ചെയ്യും.

മിക്ക കുട്ടികള്‍ക്കും വെള്ളത്തില്‍ കളിക്കുന്നത് ഇഷ്ടമായതിനാല്‍ കുട്ടികള്‍ക്ക് ഈ ആക്ടിവിറ്റി തീര്‍ച്ചയായും ഇഷ്ടപ്പെടും. എന്നാല്‍ കേടായേക്കാവുന്ന ഇലക്‌ട്രോണിക് കളിപ്പാട്ടങ്ങളൊന്നും അവര്‍ കഴുകുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

സ്കെച്ചിംഗ്, കളറിംഗ്, ക്രാഫ്റ്റ് പ്രോജക്റ്റുകള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നതും കുട്ടികള്‍ക്ക് പ്രിയപ്പെട്ട വിനോദ മാര്‍ഗമാണ്. അവര്‍ക്ക് കളറിംഗ് പുസ്തകങ്ങള്‍ വാങ്ങി നല്‍കുന്നതിന് പുറമേ, മാതാപിതാക്കള്‍ക്ക് കുട്ടികളോട് അവരുടെ ഭാവനയനുസരിച്ച്‌ വരയ്ക്കാനും ആവശ്യപ്പെടാം. ഈ പ്രവര്‍ത്തനം അവരുടെ സര്‍ഗ്ഗാത്മകതയും ഭാവനയും വര്‍ദ്ധിപ്പിക്കും.

കൂടാതെ അല്‍പ്പ സമയം മണ്ണില്‍ കളിക്കാനും കുട്ടികള്‍ക്ക് അവസരമൊരുക്കാം. കുട്ടികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്ത് മാതാപിതാക്കള്‍ക്ക് സമാധാനപരമായി ജോലി ചെയ്യാം.

മാതാപിതാക്കള്‍ക്ക് കുട്ടികളെ വ്യായാമം, യോഗ വീഡിയോകള്‍ കാണാന്‍ അനുവദിക്കാം. കൂടാതെ വ്യായാമം ചെയ്യാന്‍ ശ്രമിക്കാന്‍
കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്യാം. യോഗയും വ്യായാമ മുറകളും കുട്ടികളെ ആരോഗ്യമുള്ളവരായി നിലനിര്‍ത്തുക മാത്രമല്ല, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കുട്ടിയുടെ പ്രായത്തിനനുസരിച്ച്‌ ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ മക്കള്‍ക്ക് വേണ്ടി വികസിപ്പിക്കാന്‍ കഴിയും. മുഴുവന്‍ സമയവും ഇലക്‌ട്രോണിക് സ്‌ക്രീനില്‍ കുടുങ്ങി പോകാത്ത വിധത്തില്‍ ആസ്വാദ്യമായ ദിനചര്യ ഉണ്ടാക്കുന്നത് ശരിക്കും ഒരു വെല്ലുവിളി തന്നെയാണ്. വായനയും വരയും എഴുത്തുമൊക്കെ കുട്ടികളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തിയിരിക്കണം.

ചെസ്സും സുഡോക്കുവും പോലെയുള്ള ബുദ്ധിപരമായ കളികളും അല്‍പ്പം മുതിര്‍ന്ന കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുക്കാം. വൈകുന്നേരങ്ങളില്‍ അടുത്ത വീടുകളിലെ അറിയാവുന്ന കൂട്ടുകാരുമായി ചേര്‍ന്ന് വീടിന്റെ പരിസരത്ത് തന്നെ കളിയ്ക്കാന്‍ വിടുന്നതും നല്ലതാണ്.

ഇതിനൊപ്പം കൈ കഴുകലും ശുചിത്വ പരിപാലനവുമൊക്കെ കുട്ടികളുടെ ജീവിത ശീലമായി മാറുകയും വേണം.

spot_img

Related Articles

Latest news