തൃശൂർ: തൃശൂർ പൂരത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് വീണ് അപകടം. തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ നടത്തറ രമേശൻ, പൂങ്കുന്നം പനിയത്ത് രാധാകൃഷ്ണൻ എന്നിവർ മരിച്ചു. പഞ്ചവാദ്യക്കാർക്ക് മേൽ മരം വീണ് നിരവധി പേർക്കാണ് പരിക്കേറ്റത്.
രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം. 25 പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടമുണ്ടാക്കിയ ആൽമരം മുറിച്ച് മാറ്റി. നാട്ടുകാരും പൊലീസും ഫയർഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാ പ്രവർത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.
ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽമര ശാഖ പൊട്ടി വീണ് 12.30ഓടെയാണ് അപകടം ഉണ്ടായത്. മരം വീണ ഉടൻ കുട്ടൻകുളങ്ങര അർജ്ജുനൻ എന്ന ആന ഭയന്നു ഓടിയെങ്കിലും പിന്നീട് ആനയെ തളച്ചു. ആൾക്കൂട്ടം കുറഞ്ഞത് വലിയം ദുരന്തം ഒഴിവാക്കി.