കോവിഡ് വായുവിലൂടെ പകരുമോ? എളുപ്പത്തിൽ ചെറുക്കാം

തിരുവനന്തപുരം: കോവിഡ് വൈറസ് വായുവിലൂടെ പകരുമോ? എന്നതാണ് പൊതുവെ എല്ലാവര്‍ക്കുമുള്ള ഒരു പ്രധാന സംശയം. കോവിഡ് വൈറസ് വായുവിലൂടെ പകരുമെങ്കില്‍ അത് എല്ലായിടത്തും ഉണ്ടാകില്ലേ? തുടങ്ങി കോവിഡിനെ പറ്റിയുള്ള പൊതുവായ സംശയങ്ങള്‍ക്ക് മറുപടിയുമായി ഡോക്ടര്‍മാര്‍. കോവിഡ് വൈറസ് വായുവിലൂടെ പകരുമെന്ന ഗവേഷകരുടെ കണ്ടെത്തല്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, ആശങ്കപ്പെടുന്നതു പോലെ വൈറസ് വെറുതേ വായുവിലൂടെ പറന്നു നടക്കില്ല.

വൈറസ് ബാധിതര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കിലൂടെയും വായിലൂടെയും ലക്ഷക്കണക്കിന് കണികകള്‍ പുറത്തേക്ക് വരും. ഇതില്‍ 10 മൈക്രോണില്‍ കൂടുതല്‍ ഭാരമുള്ളവ നിലത്തു വീഴും. ഭാരം കുറഞ്ഞവ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. പരമാവധി 10 അടി ചുറ്റളവില്‍. അടച്ചിട്ട മുറികള്‍, എ സി മുറികള്‍ എന്നിവിടങ്ങളില്‍ 3 – 4 മണിക്കൂര്‍ വരെ ഈ കണങ്ങള്‍ തങ്ങി നില്‍ക്കുമെന്നാണു കണ്ടെത്തല്‍. തുറസ്സായ സ്ഥലങ്ങളില്‍ അധിക നേരം തങ്ങിനില്‍ക്കില്ല.

കണികകള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങളില്‍ തൊട്ടശേഷം മുഖത്തോ മൂക്കിലോ സ്പര്‍ശിച്ചാല്‍ അതിലൂടെ കോവിഡ് വൈറസ് ശരീരത്തില്‍ പ്രവേശിക്കും. വൈറസ് ചര്‍മത്തിലൂടെ അകത്തു കയറില്ല. അതിനാലാണ് കണ്ണിലും മൂക്കിലും അനാവശ്യമായി സ്പര്‍ശിക്കരുതെന്നും കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണമെന്നും പറയുന്നത്.

വായുവിലെ വൈറസിനെ ചെറുക്കാന്‍ രണ്ടു മാര്‍ഗങ്ങളേയുള്ളൂ, മാസ്‌ക്കും സാനിറ്റൈസറും. മറ്റുള്ളവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമുള്ള കണങ്ങള്‍ മുഖത്തു പറ്റിപ്പിടിക്കാതിരിക്കാന്‍ കൃത്യമായി മാസ്‌ക് ധരിച്ചാല്‍ മതി. കണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്ന പ്രതലങ്ങള്‍ നമുക്കു തിരിച്ചറിയാനാവില്ല. അതിനാല്‍ നിരന്തരം കൈകള്‍ ശുചിയാക്കണം. അടച്ചിട്ട, ശീതീകരിച്ച മുറികളില്‍ ഒത്തുചേരാതിരിക്കുക.

പൊതുസ്ഥലത്തു തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ മിക്കവരും മാസ്ക്ക് താഴ്‌ത്തുന്നതാണു പതിവ്. മൂക്കില്‍ നിന്നും വായില്‍ നിന്നും വരുന്ന കണങ്ങള്‍ മാസ്‌കില്‍ പറ്റുമെന്നതു കൊണ്ടും മാറ്റി ഉപയോഗിക്കാന്‍ വേറെ മാസ്‌ക് കൈവശമില്ല എന്നതു കൊണ്ടുമാണിത്. പക്ഷേ, ഇതുണ്ടാക്കുന്നതു വലിയ വിപത്താണ്. അതിനാല്‍ വീടിനു പുറത്തു യാത്ര ചെയ്യുമ്പോൾ എല്ലാവരും അധിക മാസ്‌ക് കൈവശം കരുതണം.

വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ 70 – 80% വരെ രോഗസാധ്യത കുറയും. അപ്പോഴും 30% വരെ സാധ്യത നിലനില്‍ക്കുന്നു. പക്ഷേ, ഗുരുതരമായ രോഗസാധ്യത 95% വരെയും മരണസാധ്യത 99.9% വരെയും ഇല്ലാതാകും. വാക്‌സിന്‍ എടുത്ത ശേഷവും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ജാഗ്രത കുറഞ്ഞാല്‍ വീണ്ടും രോഗ സാധ്യതയുണ്ട്. മറ്റുള്ളവര്‍ക്കു രോഗം പരത്താതിരിക്കാനും മുന്‍ കരുതലുകള്‍ വേണം.

വാക്‌സിന്‍ എടുത്ത് 28 ദിവസത്തിനു ശേഷം രക്തദാനം ചെയ്യാം. ഒന്നാമത്തെ ഡോസ് എടുത്ത ശേഷം കോവിഡ് വന്നവര്‍ രണ്ടാമത്തെ ഡോസ് എടുക്കണം. കോവിഡ് നെഗറ്റീവ് ആയി 28 ദിവസത്തിനു ശേഷമാണ് അടുത്ത ഡോസ് എടുക്കേണ്ടത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വാക്‌സിന്‍ നല്‍കില്ല. ആര്‍ത്തവസമയത്ത് വാക്‌സിന്‍ എടുക്കുന്നതില്‍ തടസ്സമില്ല.

spot_img

Related Articles

Latest news