തിരുവനന്തപുരം : 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ഒറ്റ പ്രതിനിധി പോലും ഇല്ലാത്ത ഒരേയൊരു സംസ്ഥാനമായി മാറുകയാണ് ബിജെപിക്ക് കേരളം. സാമുദായിക ധ്രുവീകരണം ലക്‌ഷ്യം വച്ചുള്ള പ്രവർത്തനത്തിന് തരിമ്പും ഇടം നൽകാൻ അനുവദിക്കാത്ത സംസ്ഥാനമാവുകയാണ് കേരളം.
കഴിഞ്ഞ തവണ മുതിർന്ന ബിജെപി നേതാവ് ഓ. രാജഗോപാലിനെ തിരഞ്ഞെടുത്തയച്ച നേമം മണ്ഡലം കൂടി കൈവിട്ടതോടെ ഇനിയൊരങ്കത്തിന് ബാല്യമുണ്ടോ എന്ന് പാർട്ടി പരിശോധിക്കേണ്ടതായിട്ടുണ്ട്. രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച സംസ്ഥാന അധ്യക്ഷന് കനത്ത പ്രഹരമാണ് സംസ്ഥാനം ഏൽപ്പിച്ചത്.
തിരഞ്ഞെടുപ്പ് ഫലം കൃത്യമായ മുന്നറിയിപ്പാണ് പാർട്ടിക്കും നേതാക്കൾക്കും നൽകിയത്. തിരഞ്ഞെടുപ്പിനെ മുൻപ് തന്നെ കൃത്യമായ മുന്നറിയിപ്പ് പാർട്ടി സംസ്ഥാന ഘടകത്തിന് കേന്ദ്ര നേതൃത്വം നൽകിയിട്ടും ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ നേതാക്കൾ കൃത്യമായ മറുപടിയും നൽകേണ്ടി വരും.