ന്യൂഡല്‍ഹി: വിജയം മോദിയെ വിനയാന്വിതനാക്കുമ്പോള്‍ അധികാരം പിണറായിയെ മത്തു പിടിപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. പിണറായിക്കും പാര്‍ട്ടിക്കും തിരിച്ചുവരവിനുള്ള കളമൊരുക്കിയത് കോവിഡ്കാല വാര്ത്താസമ്മേളനങ്ങളാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിൽ നിന്ന്:
2019ലെ തിളക്കമാര്‍ന്ന തിരിച്ചുവരവിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇങ്ങനെ പറഞ്ഞു, “ഭൂരിപക്ഷ ജനവിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കപ്പെടുന്നത്, പക്ഷേ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തസത്ത.അതുകൊണ്ടുള്ള മുന്നോട്ടുള്ള യാത്ര പ്രതിപക്ഷമടക്കം എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതായിരിക്കും”.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയയില്‍ രണ്ടാമതും വന്‍വിജയം നേടിയ നരേന്ദ്ര ദാമോദര്‍ ദാസ് മോദി തന്റെ പ്രസംഗത്തിലെവിടെയും പ്രതിപക്ഷ പാര്‍ട്ടികളെ അധിക്ഷേപിച്ചില്ല. പ്രതിപക്ഷ പരാജയത്തിന്റെ കാരണം എണ്ണിപ്പെറുക്കിയില്ല. തന്നെ കള്ളനെന്ന് ആവര്‍ത്തിച്ച് വിളിച്ചവരെപ്പോലും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയില്ല. മറിച്ച് വിനയത്തോടെ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ആ മനുഷ്യന് തലകുനിച്ചു.