കോവിഡ് മരണങ്ങൾ പെരുകുമ്പോൾ ശ്മശാനത്തിൽ നിന്നും മൃതദേഹങ്ങളുടെ വസ്ത്രങ്ങൾ മോഷ്ടിക്കുന്ന സംഘം ഉത്തർപ്രദേശിൽ അറസ്റ്റിൽ. ശ്മശാനത്തിൽ സംസ്ക്കരിക്കാൻ എത്തിക്കുന്ന മൃതദേഹങ്ങളിൽ നിന്നാണ് സംഘം വസ്ത്രങ്ങൾ കവരുന്നത്. ഇതിനായി പ്രത്യേക സംഘം തന്നെ പ്രവർത്തിച്ചുവരികയായിരുന്നു. ഏഴുപേരെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
കോവിഡ് മരണങ്ങളുടെ എണ്ണം കൂടിയതോടെ ഇവർ സജീവമായി. മൃതദേഹങ്ങൾ പൊതിഞ്ഞുകൊണ്ടുവരുന്ന പുതപ്പ്, തുണികൾ, ബെഡ്ഷീറ്റ്, വസ്ത്രങ്ങൾ എന്നിവയാണ് മോഷ്ടിച്ചിരുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വസ്ത്രങ്ങൾ വൃത്തിയാക്കിയ ശേഷം വീണ്ടും വിൽപ്പനയ്ക്ക് എത്തിക്കുന്നതാണ് രീതി. ഇവരിൽ നിന്നും 520 ബെഡ്ഷീറ്റുകള്‍, 127 കുര്‍ത്തകള്‍, 52 വെള്ള സാരികൾ എന്നിവ കണ്ടെടുത്തു. ബാഗ്പത് പൊലീസ് പ്രതികളുടെ ചിത്രം ഔദ്യോഗിക പേജിൽ പങ്കുവച്ചിട്ടുണ്ട്.