ചെന്നൈ: ഒ.എന്‍.വി പുരസ്കാര വിവാദത്തില്‍ പ്രതികരണവുമായി തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു.
തനിക്കെതിരായ ലൈംഗിക പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും, ആരോപണത്തില്‍ മൂന്നു വര്‍ഷമായിട്ടും പോലീസ് കേസ് എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമത്തിന്റെ കണ്ണില്‍ കുറ്റം തെളിയുംവരെ ആരോപണ വിധേയന് നിരപരാധിയാണെന്ന് ജൂറി ഓര്‍ക്കണമെന്നും വൈരമുത്തു പറഞ്ഞു.
ഒ.എന്‍.വി പുരസ്കാരം നല്‍കുന്നത് പുനഃപരിശോധിക്കാന്‍ അവാര്‍ഡ് നിര്‍ണയ സമിതി തീരുമാനിച്ച വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് വൈരമുത്തു പ്രതികരണവുമായി രംഗത്ത് വന്നത്. വൈരമുത്തുവിനെതിരെ ‘മീടൂ’ ആരോപണം അടക്കം പതിനേഴോളം ലൈംഗിക പീഡന ആരോപണങ്ങളാണ് നേരത്തെ പുറത്തു വന്നിട്ടുള്ളത്.
സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ പുരസ്കാര പ്രഖ്യാപനത്തിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പശ്ചാത്തലത്തിലാണ് പുരസ്കാരം നല്‍കുന്നത് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. അതേസമയം, സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒ.എന്‍.വി പുരസ്കാരം എന്നായിരുന്നു ഒ.എന്‍.വി കള്‍ച്ചറല്‍ സൊസൈറ്റി ചെയര്‍മാനും സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന് വിവാദത്തോട് പ്രതികരിച്ചത്.