മാവൂർ :കേരളത്തിൽ ചരിത്രത്തിലാദ്യമായി പെട്രോൾ വില നൂറ് കടന്നതിലും തെരഞ്ഞടുപ്പിൽ സീറ്റ് പിടിക്കാൻ കോടികളുടെ കോഴ ഇടപാട് നടത്തിയ ബി ജെ പി നേതാക്കളുടെ കുഴൽപ്പണ മാഫിയാ ബന്ധത്തിലും പ്രതിഷേധിച്ച് കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് മാവൂരിൽ ഇന്ധന ടാങ്കിൽ കുഴലൂതി പ്രതിഷേധം സംഘടിപ്പിച്ചു.കൊറോണയും ലോക് ഡൗണും മൂലം ജനങ്ങൾ നട്ടം തിരിയുമ്പോൾ ഒരു ഭാഗത്ത് ഇന്ധന വില വർധിപ്പിച് കോർപ്പറേറ്റുകളെ സന്തോഷിപ്പിക്കുകയും മറുഭാഗത്ത് ബി ജെ പി നേതാക്കളിലേക്ക് കുഴൽപണമായി വരുന്ന കോടികളുടെ സമ്പത്ത് കൊണ്ട് നേതാക്കളും കുടുംബവും സുഖജീവിതം നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഇതിനെതിരെയാണ് ഇന്ധനടാങ്കിൽ കുഴലൂത്ത് നടത്തി യൂത്ത് ലീഗ് പ്രതിഷേധിച്ചത്.നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ഒഴുക്കിയ കോടികൾ ഓയൽ കോർപറേറ്റുകളുടെ കളളപ്പണമാണ്.പെട്രോൾ-ഡീസൽ നികുതി കുറക്കാതെ സംസ്ഥാന സർക്കാറും ഇതിന് കൂട്ട് നിൽക്കുകയാണ്. തെരഞ്ഞടുപ്പിൽ ഉണ്ടാക്കിയ അവിശുദ്ധ ബന്ധത്തിന്റെ കരാർ നിലനിൽക്കുന്നത് കൊണ്ടാണ് കള്ളപ്പണക്കേസിൽ ആരോപണ വിധേയരായ ബി ജെ പി നേതാക്കൾക്കെതിരെ ഒരക്ഷരം പറയാൻ ഇടത് പക്ഷ നേതാക്കൾ തയ്യാറാകാത്തതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി .പ്രതിഷേധം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ എം നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ഉപാദ്ധ്യക്ഷൻ യുഎ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ്, സെക്രട്ടറി ടി പി എം സിദ്ദിഖ്, മാവൂർ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ എം മുർത്താസ്, ജനറൽ സെക്രട്ടറി ഹബീബ് ചെറൂപ്പ, സലാം കള്ളിക്കുന്ന്, ബാവുട്ടൻ, അസ്ലം ബാവ പ്രസംഗിച്ചു.