പെരിന്തല്‍മണ്ണ: പ്രണയം നിരസിച്ച പകയില്‍ പെരിന്തല്‍മണ്ണ ഏലംകുളത്ത് 21 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ തെളിവെടുപ്പിനായി എത്തിച്ചു. സ്റ്റേഷനില്‍നിന്ന് വൈദ്യപരിശോധനക്കായി കൊണ്ടുപോയതിനു ശേഷമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ദൃശ്യയുടെ വീടിന് സമീപം നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. പ്രതിഷേധമുണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോള്‍ ഒരു ചെരുപ്പ് വീട്ടില്‍ നഷ്ടപ്പെട്ടതായി വിനീഷ് ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതി എങ്ങനെയാണ് വിനീഷ് പോലീസിന് വിശദീകരിച്ചു.
ദൃശ്യയുടെ വീടിന് പിന്നിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ ഒരു മണിക്കൂറോളം ഒളിച്ചിരുന്ന ശേഷമാണ് അടുക്കള ഭാഗത്തുകൂടെ ദൃശ്യയുടെ വീട്ടിലേക്ക് കയറിയതെന്ന് വിനീഷ് പോലീസിനോട് പറഞ്ഞു. അടുക്കളയില്‍നിന്ന് കത്തിയും കൈക്കലാക്കി. പിന്നീട് വീടിന്റെ മുകള്‍നിലയിലേക്ക് പോയി. അവിടേക്ക് ദൃശ്യ വരുന്നത് കാത്തിരുന്നു. എന്നാല്‍ താഴത്തെ നിലയിലാണ് ദൃശ്യ ഉണ്ടായിരുന്നത്. ഇതറിഞ്ഞ് ആളില്ലാത്ത സമയം നോക്കി താഴേക്കിറങ്ങി. കുറേനേരം ദൃശ്യയെ നോക്കിനിന്നു. ആക്രമിക്കാനായി തയാറെടുക്കുമ്പോഴായിരുന്നു ദൃശ്യയുടെ സഹോദരി ദേവശ്രീ മുറിയിലേക്ക് വന്നത്. അതോടെ ദേവശ്രീയെ ആക്രമിച്ചു. പിന്നീടാണ് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തി രക്ഷപ്പെട്ടത്. വീട്ടില്‍നിന്ന് പുറത്തിറങ്ങി വീടിന് പിന്നിലെ പൈപ്പില്‍നിന്ന് കയ്യിലേയും വസ്ത്രത്തിലേയും രക്തക്കറ കഴുകിക്കളഞ്ഞു. പിന്നീട് പുറകുവശത്തുള്ള വയലിലൂടെ രക്ഷപ്പെടുകയായിരുന്നു. പ്രതി ധരിച്ച മാസ്‌കും ദൃശ്യയുടെ പിതാവിന്റെ കടയായ സി.കെ സ്റ്റോര്‍സ് തീയിടാനായി ഉപയോഗിച്ച ലൈറ്ററും വീടിനു സമീപം ഉപേക്ഷിച്ചതായി വിനീഷ് മൊഴി നല്‍കിയിട്ടുണ്ട്. ദൃശ്യയെ കുത്തിക്കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് ഇന്നലെ തന്നെ കണ്ടെടുത്തിരുന്നു. വീട്ടിലെ തെളിവെടുപ്പിന് ശേഷം ദൃശ്യയുടെ പിതാവിന്റെ കടയിലേക്കും വിനീഷിനെ തെളിവെടുപ്പിനായി കൊണ്ടുപോകും.