കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ക്ക് നാളെ മറുപടി നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്.
മുഖ്യമന്ത്രിക്ക് ഇന്ന് തന്നെ മറുപടി നല്‍കണമെന്ന് നിര്‍ബന്ധം ഉണ്ടോ എന്ന് സുധാകരന് ചോദിച്ചു. തനിക്ക് ഒരു ബേജാറും ഇല്ല. നാളെ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കും- അദ്ദേഹം പറഞ്ഞു.
ഒരിക്കൽ തന്റെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ സുധാകരന് പദ്ധതിയിട്ടിരുന്നതായി അദ്ദേഹത്തിന്റെ അടുത്ത ആളിൽ നിന്ന് തനിക്ക് വിവരം ലഭിച്ചിരുന്നതായാണ് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഓര്‍ത്തെടുത്തുകൊണ്ട് ഇന്ന് വാര്‍ത്താസമ്മേളനത്തിലാണ് സുധാകരനെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചത്.
ഒരു ദിവസം രാവിലെ സുധാകരന്റെ സുഹൃത്ത് രാവിലെ എന്റെ വീട്ടിലെത്തി. സുധാകരന്റെ ഫൈനാന്‍സര്‍ കൂടിയായിരുന്നു അയാള്‍. നിങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. സുധാകരന് വലിയ പദ്ധതിയുമായിട്ടാണ് നടക്കുന്നത്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള പരിപാടിയാണുള്ളത്. അപ്പോള്‍ ഞാന്‍ പറഞ്ഞു, വരുന്നിടത്ത് കാണാമെന്ന്. എനിക്കെന്റെ ഭാര്യയോട് പോലും പറയാനാവില്ല. അവള്‍ക്ക് മനസ്സമാധാനം ഉണ്ടാവില്ല. രണ്ട് കുട്ടികളേയും കൈയില്‍ പിടിച്ച് സ്കൂളില്‍ പോകുന്ന കാലമാണ്. ആരോടും ഞാന്‍ പറയാന്‍ പോയില്ല. ഇതെല്ലം കടന്നുവന്നതാണ്. മോഹങ്ങള്‍ പലതും ഉണ്ടായിട്ടുണ്ടാകും. വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താന്‍ കഴിയില്ല എന്നത് സുധാകരന്റെ അനുഭവമാണ്’ മുഖ്യമന്ത്രി പറഞ്ഞു.
കോളേജ് പഠനകാലത്ത് തന്നെ ചവിട്ടിവീഴ്ത്തിയെന്ന സുധാകരന്റെ പരാമർശത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ.