ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന് രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് കളിയാക്കിയ കേന്ദ്രമന്ത്രിയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ നാട്ടുകാരുടെ വിമര്‍ശനം. ഒരു കേന്ദ്രമന്ത്രിയ്ക്ക് ചേരാത്ത പ്രവൃത്തിയെന്നും മന്ത്രിയെ വിവരക്കേടെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ നാട്ടുകാര്‍ ആക്ഷേപിച്ചു.
ബിജെപിയുടെ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയ്ക്കാണ് സാമൂഹ്യമാധ്യമങ്ങളില്‍ പരക്കെ വിമര്‍ശനം കിട്ടിയത്. ട്വീറ്റിലൂടെയായിരുന്നു ആള്ക്കാര് മന്ത്രിയെ വിമര്‍ശിക്കാന്‍ എത്തിയത്.
കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന അംഗമായ ഒരു മന്ത്രി ഇത്തരത്തിലാണോ പ്രതിപക്ഷ നിരയിലെ നേതാവിനെ അഭിസംബോധന ചെയ്യേണ്ടതെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. മന്ത്രിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ നിലവാരം വ്യക്തമാക്കുന്നതാണ് എന്നായിരുന്നു ചിലരുടെ പ്രതികരണം. നഖ്വിയുടേത് പദവിക്ക് ചേരാത്ത പരാമര്‍ശം എന്നും ഇങ്ങിനെ പ്രതികരിക്കുന്ന ഒരാള്‍ മന്ത്രി പദവിയ്ക്ക് യോഗ്യനാണോ എന്നും ചിലര്‍ ചോദിച്ചു.
നരേന്ദ്ര മോദിയുടെ മന് കി ബാത്തിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് നഖ് വി പരിഹാസവുമായി എത്തിയത്. മന് കി ബാത്ത് എന്ന ഹാഷ് ടാഗോടെയാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
കോവിഡ് മഹാമാരിയില്‍ സര്‍ക്കാരിനുണ്ടായ പരാജയം മറച്ചുവെക്കുന്നതിനാണ് ഈ ശ്രമങ്ങളെല്ലാം എന്നായിരുന്നു രാഹുലിന്റെ ആക്ഷേപം. ആദ്യം വാക്സിന്. അതു കഴിഞ്ഞാണ് ഒഴിവ്കഴിവുകള്‍ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.