ജിദ്ദ: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് താല്‍ക്കാലികമായി നിര്‍ത്തി വെച്ച വിമാന സര്‍വീസ് പുനരാരംഭിക്കുന്നത്തിനായി സൗദി വിദേശ കാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി ചര്‍ച്ച നടത്തിയതായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഇറ്റലിയില്‍ ജി 20 ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശ കാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഇരു മന്ത്രിമാരുടെയും ചര്‍ച്ച ഫലവത്താകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.