കനത്ത മഴയില്‍ വിറങ്ങലിച്ചിരിക്കുകയാണ് മഹാരാഷ്ട്ര. ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ 47 പേര്‍ക്കാണ് ജീവന് നഷ്ടമായത്. കനത്ത മഴയ്ക്കൊപ്പം മണ്ണിടിച്ചിലും ശക്തമായിട്ടുണ്ട്.
മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പുണെ, സത്താറ, കോലാപുര്‍ തുടങ്ങിയ പടിഞ്ഞാറന്‍ ജില്ലകളിലും കൊങ്കണ്‍ തീരദേശ ജില്ലകളായ റായ്ഗഡ്, രത്നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാത്രമല്ല, മലയോര മേഖലകളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതാണ് മുന്നറിയിപ്പുണ്ട്. ഇതേ തുടര്‍ന്ന് പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്കി.