കണ്ണൂർ :ഐ.എസ് ബന്ധം ആരോപിച്ച് കണ്ണൂരിൽ എൻ ഐ എ അറസ്റ്റ് ചെയ്ത യുവതികളെ കോടതിയിൽ ഹാജരാക്കി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്. ഇരുവരെയും ഇന്ന് തന്നെ ഡൽഹിയിലേക്ക് കൊണ്ട് പോകുമെന്നാണ് ലഭിക്കുന്ന വിവരം.
അതിന് മുന്നോടിയായാണ് ഇരുവരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് കരസ്ഥമാക്കിയത്. ഭീകര സംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് എൻ.ഐ.എ. അറസ്റ്റ് ചെയ്തത്.
സമൂഹമാധ്യമങ്ങളിലൂടെ ഇവർ ഐ.എസ്. ആശയപ്രചരണം നടത്തിയെന്ന എൻ.ഐ.എ.യുടെ കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. മലയാളിയായ മുഹമ്മദ് അമീനോപ്പം ചേർന്ന് ഐ.എസ്. പ്രവർത്തനങ്ങളിൽ പ്രതികൾ ഏർപ്പെട്ടിരുന്നുവെന്ന് എൻ.ഐ.എ. അറിയിച്ചു.