ഇരിട്ടി: ഇരിട്ടിക്കടുത്തെ വള്ളിത്തോടില്‍ കാട്ടാനയുടെ അക്രമണത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് നേരെയാണ് കാട്ടാനയുടെ അക്രമണമുണ്ടായത്. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം പെരിങ്കരി സ്വദേശി ചെങ്ങഴശേരി സ്വദേശി ജസ്റ്റിനാണ് മരിച്ചത്.
പുലര്‍ച്ചെ പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെയാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ജിനി ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ കുറെക്കാലമായി ഇരിട്ടി – ആറളം മേഖലയില്‍ കാട്ടാനയുടെ ശല്യം അതിരൂക്ഷമാണ് ആറളം മേഖലയില്‍ ഇതുവരെയായി ഏഴു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേതുടര്‍ന്ന് പ്രദേശവാസികളുടെ നിരന്തര പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ആന മതില്‍ നിര്‍മിക്കാന്‍ ഫണ്ടനുവദിച്ചിരുന്നു.
ആക്രമണത്തിന് ശേഷം തൊട്ടടുത്തുള്ള ലോറി കുത്തിമറിക്കാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് പൊട്ടിപ്പോവുകയും ചെയ്തിട്ടുണ്ട്. ആന ഇപ്പോഴും പ്രദേശത്തുതന്നെയുണ്ട്. കഴിഞ്ഞ ദിവസം ഈ മേഖലയിൽ പരിക്കേറ്റ ഒരു ആന ചെരിഞ്ഞിരുന്നു. ഇത്തരത്തിൽ പരിക്കേറ്റ ആനയാണോ ഇത് എന്ന കാര്യം വ്യക്തമല്ല.
കർണാടക വനത്തിൽ നിന്ന് കാട്ടാനകൾ കൂട്ടമായി ഇറങ്ങി കൃഷികളും മറ്റും നശിപ്പിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഈ ഭാഗങ്ങളിൽ വേലി ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ഥാപിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അപകടം.