മലപ്പുറം: കഴിഞ്ഞ ദിവസം കോട്ടക്കല്‍ സ്വദേശിനി മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലിസ് കേസെടുത്തു. കോട്ടക്കലിലെ ഉമ്മുകുല്‍സുവിന്റെ (32) മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് താജുദീനെതിരെ കൊലപാതകക്കുറ്റം ചുമത്തിയാണ് പോലിസ് കേസെടുത്തത്.
ദേഹമാസകലം മുറിവേറ്റ ഉമ്മുകുല്‍സുവിനെ ഇന്നലെയാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതിയെ മെഡിക്കല്‍ കോളേജിലാക്കി മരണം സ്ഥിരീകരിച്ചപ്പോള്‍ താജുദീന്‍ മുങ്ങുകയായിരുന്നു.
പ്രതി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ബാലുശേരി വീര്യമ്പ്രത്തു സുഹൃത്തിന്റെ വീട്ടില്‍ വച്ച് താജുദീന്‍ ഉമ്മുകുല്‍സുവിനെ ക്രൂരമായി മര്‍ദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പരപുരുഷ ബന്ധം സംശയിച്ചായിരുന്നു മര്‍ദ്ദനം.