തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ നടപടികള്‍ക്ക് തിരുവനന്തപുരം കുടുംബ കോടതിയുടെ സ്റ്റേ. കുഞ്ഞിന്‍റെ പൂര്‍ണ അവകാശം ആന്ധ്ര സ്വദേശികള്‍ക്ക് കൈമാറുന്നത് സംബന്ധിച്ച് കോടതിയില്‍ പുരോഗമിക്കുന്ന നടപടികളാണ് താല്‍കാലികമായി സ്റ്റേ ചെയ്തത്.
വിഷയത്തില്‍ നവംബര്‍ ഒന്നിന് വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു.
കുഞ്ഞിനെ ഉപേക്ഷിച്ചതാണോ ദത്ത് നല്‍കിയതാണോ എന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയോട് കോടതി ചോദിച്ചു. ഈ വിഷയത്തില്‍ ശിശുക്ഷേമ സമിതി വിശദീകരിക്കണമെന്നും കുടുംബ കോടതി നിര്‍ദേശിച്ചു. കേസില്‍ കക്ഷി ചേരുന്നത് അടക്കമുള്ള അനുപമയുടെ അപേക്ഷ നവംബര്‍ ഒന്നിന് കോടതി പരിഗണിക്കും.
കുഞ്ഞിനെ ദത്ത് നല്‍കിയത് സംബന്ധിച്ച് ഒരു തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്ന് കോടതിയെ അറിയിച്ചത്. ദത്ത് സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നതായും അഭിഭാഷകന്‍ അറിയിച്ചു. ഇതില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.
കുഞ്ഞിന്‍റെ പൂര്‍ണ അവകാശം ആവശ്യപ്പെട്ട് ദത്തെടുത്ത ആന്ധ്രാ ദമ്ബതികള്‍ കുടുംബ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ്സ ഹരജി നല്‍കിയത്.
അതേസമയം, സംഭവത്തില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെതിരെ ഗുരുതര ആരോപണവുമായി ജീവനക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വീണ ജോര്‍ജിനും പരാതി നല്‍കി. കുഞ്ഞിനെ ലഭിച്ച ദിവസങ്ങളിലെ സമിതിയിലെ മുഴുവന്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി കത്തില്‍ പറയുന്നു.നിയമലംഘനങ്ങള്‍ നടത്തിയിരിക്കുന്നത് ഷിജുഖാനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. സുനന്ദയും ചേര്‍ന്നാണ്. പ്രശ്നങ്ങള്‍ പുറത്തുവന്നപ്പോള്‍ ജീവനക്കാരെ ഭീഷണിപ്പെടുത്താനാണ് ഷിജുഖാനും അടുപ്പക്കാരും ശ്രമിക്കുന്നത്.
2020 ഒക്ടോബര്‍ 22ന് അര്‍ധരാത്രിക്കുശേഷം 12.30ന് ശിശുക്ഷേമ സമിതിയില്‍ ലഭിച്ച കുഞ്ഞിെന്റ വിവരം സമിതിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അറിവുള്ളതാണ്. സംഭവ ദിവസങ്ങളില്‍ സമിതിയിലെ അമ്മത്തൊട്ടില്‍ പൂര്‍ണമായി പ്രവര്‍ത്തിച്ചിരുന്നില്ല.
ഷിജുഖാന്‍ നല്‍കിയ ഉറപ്പനുസരിച്ചാണ് അനുപമയുടെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിത ജയിംസും പേരൂര്‍ക്കടയിലെ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗവും ചേര്‍ന്ന് ഒക്ടോബര്‍ 22ന് രാത്രി ശിശുക്ഷേമ സമിതിയില്‍ ആണ്‍കുട്ടിയെ കൊണ്ടുവന്നത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ദീപ റാണി കുഞ്ഞിനെ വാങ്ങി ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന്, തൈക്കാട് ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ ഡോക്ടറെക്കൊണ്ട് എഴുതിപ്പിച്ചു. പിറ്റെ ദിവസം മലാല എന്ന് പേരിട്ട് വാര്‍ത്തകളും നല്‍കി.
23ന് വെള്ളിയാഴ്ച മറ്റൊരു ആണ്‍കുഞ്ഞിനെയും സമിതിയില്‍ ലഭിച്ചു. പിറ്റെ ദിവസം ആണ്‍-പെണ്‍ വിവാദം വന്നപ്പോള്‍ തൈക്കാട് ആശുപത്രിയില്‍ പോയി രജിസ്റ്ററില്‍ പെണ്‍കുട്ടി എന്നത് ആണ്‍കുട്ടിയാക്കി മാറ്റി എഴുതിച്ചതും തിരുത്തി മറ്റൊരു ഒ.പി ടിക്കറ്റ് വാങ്ങിയതും സൂപ്രണ്ട് ഷീബയാണ്. എം.എസ്.ഡബ്ല്യു യോഗ്യത വേണ്ട ദത്തെടുക്കല്‍ കേന്ദ്രത്തിലെ അഡോപ്ഷന്‍ ഒാഫിസറുടെ ചുമതലയും ബിരുദം മാത്രമുള്ള ഷീബക്കാണ് ഷിജുഖാന്‍ നല്‍കിയത്.
അനുപമയും ഭര്‍ത്താവും കുഞ്ഞിനെ ആവശ്യപ്പെട്ട് ഷിജുഖാെന്റ അടുത്തുവന്നപ്പോള്‍ ധിറുതിപ്പെട്ട് കുഞ്ഞിനെ എന്തിന് ആന്ധ്രയിലെ ദമ്ബതികള്‍ക്ക് നല്‍കിയെന്ന് പാര്‍ട്ടിയും സര്‍ക്കാറും അന്വേഷിക്കണം. കുഞ്ഞിെന്റ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഒക്ടോബര്‍ 23ന് ലഭിച്ച പെലെ എഡിസണ്‍ എന്ന കുട്ടിയുടെ ടെസ്റ്റ് നടത്തി അമ്മയെ കബളിപ്പിച്ചതും അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചക്കരക്കൽ വാർത്ത.
അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിത- ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തി ഇന്നലെ മൊഴിയെടുത്തിരുന്നു. എല്ലാം നിയമപരമായാണ് ചെയ്തെന്നായിരുന്നു ഷിജു ഖാന്‍റെ പ്രതികരണം. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ഉള്‍പ്പെടെ ആറു പ്രതികള്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.
Mediawings: