കണ്ണൂർ : കണ്ണൂരിൽ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. നിലമ്പൂർ കാട്ടിൽ ആയുധപരിശീലനം നടത്തുകയും മാവോയിസ്റ്റ് ദിനം ആചരിക്കുകയും ചെയ്തു എന്ന സംഭവത്തിൽ മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിൽ 2017 സെപ്തംബറിൽ രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ട ആളാണ് ഇന്ന് അറസ്റ്റിലായ മുരുകേശ്.
നേരത്തെ കേരള തീവ്രവാദ വിരുദ്ധ വിഭാഗമായിരുന്നു ഈ കേസ് അന്വേഷിച്ചിരുന്നത്. ഒരു മാസം മുൻപാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകിട്ടാണ് വളപട്ടണം ബീച്ച് പരിസരത്ത് നിന്ന് മൂന്നുപേർ പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്.